രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ രാജ്യവ്യാപകമായ സത്യഗ്രഹം ഞായറാഴ്ച ആരംഭിക്കും.രാജ്ഘട്ടിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. സംസ്ഥാന കേന്ദ്രങ്ങളിൽ അതത് സംസ്ഥാനത്തെ നേതാക്കൾ സത്യഗ്രഹമിരിക്കും.
സംഭവത്തിൽ പ്രതിഷേധച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. തിങ്കളാഴ്ച മുതൽ സമരം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കും. യൂത്ത് കോൺഗ്രസ്- എൻ.എസ്.യു വിന്റെ നേതൃത്വത്തിൽ യുവജന വിദ്യാർഥി പ്രക്ഷോഭവും കാംപയിനും ആരംഭിക്കാൻ ആലോചനയുണ്ട്
അതിനിടെ പ്രതിഷേധത്തിനു കൂടുതൽ ആവേശം നൽകുന്നതാണ് രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രഖ്യാപനം. ഒന്നിന്റെ മുന്നിലും ഭയപ്പെടില്ലെന്നും, മാപ്പ് പറയാൻ തൻറെ പേര് സവർക്കർ എന്നല്ലെന്നും ഗാന്ധി എന്നാണെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം തുടരും. ജയിലിലിട്ട് തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്നും ചോദ്യം ചോദിക്കുന്നത് തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് താൻ ചോദിച്ചത്. അദാനിയുടെ ഷേൽ കമ്പനിയിൽ 20,000 കോടി നിക്ഷേപിച്ചതാരാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതൽ അദാനിയുമായി ബന്ധമുണ്ട്. അദാനിയുടെ കമ്പനിയിൽ നിക്ഷേപം നടത്തിയതിൽ ഒരു ചൈനീസ് പൗരൻ ഉണ്ടെന്നും രാഹുൽ ആരോപിച്ചു.
തനിക്ക് അംഗത്വം തിരിച്ച് ലഭിക്കുന്നതും ലഭിക്കാത്തതും വിഷയമല്ലെന്നും പാർലമെന്റിനു അകത്തോ പുറത്തോ തന്റെ പോരാട്ടം തുടരും, സ്ഥിരമായി അംഗത്വം റദ്ദാക്കിയാൽ പോലും തന്റെ കടമ നിർവഹിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
ഇതിനിടെ രാഹുൽ ഗാന്ധിയുടെ അപകീർത്തി കേസിനുകാരണമായ പ്രസംഗത്തിന്റെ വീഡിയോയും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ വാശിയോടുകൂടി പ്രചരിപ്പിക്കുന്നുണ്ട്്്