കൊല്ലം ജില്ലാ ശാസ്ത്ര നാടക മൽസരം ഒന്നാം സ്ഥാനം കെന്നഡിയ്ക്ക് .
ജോൺ എഫ്. കെന്നഡി സ്കൂൾ സമ്മാനങ്ങൾ വാരിക്കൂട്ടി
കരുനാഗപ്പള്ളി: ജില്ലാ ശാസ്ത്ര നാടകമൽസരത്തിൽ അയണിവേലിക്കുളങ്ങര ജോൺ എഫ്.കെന്നഡി ഹൈസ്കൂൾ അവതരിപ്പിച്ച സാരമേയത്തിന്റെ നാട്ടിൽ എന്ന ശാസ്ത്ര നാടകം ഒന്നാം സ്ഥാനം നേടി സംസ്ഥാന ശാസ്ത്ര നാടകോൽസവ മൽസരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത നാടകം സംവിധാനം ചെയ്ത അഭിലാഷ് പരവൂർ മികച്ച സംവിധായകനും ഇതേ നാടകത്തിൽ പേപ്പട്ടി കടിച്ച് മരിക്കുന്ന കുട്ടിയുടെ അമ്മയായി വേഷമിട്ട ലക്ഷ്മി ബൈജു മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. പേ വിഷബാധയേറ്റ് മരിക്കുന്ന കുട്ടിയായി അഭിനയിച്ച പാർവ്വതിയുടെ അഭിനയ മികവ് ജൂറി പ്രത്യേകം എടുത്തു പറഞ്ഞു. കാലിക പ്രസക്തമായ ഒരു പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നാടകം. മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് മാലിന്യ കൂമ്പാരമാക്കുന്ന നമ്മുടെ നാട്ടിൽ നായ്ക്കൾ മനുഷ്യ ജീവന് ഭീഷണിയാകുന്നു. മനുഷ്യനെ സ്നേഹിക്കാനറിയാത്ത മനുഷ്യൻ നായ്ക്കളുടെ സംരക്ഷക വേഷം കെട്ടുന്നു. വാക്സിനുകളിലൂടെ പൂർണ്ണമായും പ്രതിരോധിക്കാൻ കഴിയുന്ന പേവിഷബാധ മനുഷ്യരുടെ അശ്രദ്ധമൂലം മരണത്തിലേക്ക് നയിക്കുന്നു. ശാസ്ത്രം മനുഷ്യന് നൽകിയ വരദാനമായ വാക്സിന്റെ ചരിത്രം നാടകം പറയുന്നു. ഒരു ജീവിയുടെ വംശം അറ്റുപോകുന്നതു പോലെ തന്നെ ഒരു ജീവിയുടെ വംശം ക്രമാതീതമായി പെരുകുന്നതും പരിസ്ഥിതിയ്ക്ക് ദോഷകരമാണ്. ശാസ്ത്ര ബോധം ആയുധമാക്കിയ പുതു തലമുറ കവണയിലൂടെ മുന്നറിയിപ്പുമായി കടന്നു വന്ന് പ്രഖ്യാപിക്കുന്നിടത്ത് നാടകം അവസാനിക്കുന്നു. അർത്ഥവത്തായ ഈ സന്ദേശം നൽകി ഈ നാടകം രചിച്ചത് പ്രദീപ് കണ്ണങ്കോടാണ്. സദസ്യരുടെയും ജഡ്ജസിന്റെയും മുക്തകണ്ഠം പ്രശസയ്ക്ക് വിധേയമായിട്ടാണ് നാടകം സമ്മാനങ്ങൾ വാരി കൂട്ടിയത്. ലക്ഷ്മി ബൈജു, ഫർഹാന. എസ്, പാർവ്വതി.എസ്, അലീന എസ്. പ്രിൻസ്, നബുഹാൻ ഹാഷിർ, അതുൽ തമ്പി, ഋഷികേഷ്.ആർ, അശ്വന്ത് ലാൽ.എ എന്നിവരായിരുന്നു അഭിനേതാക്കൾ.
ക