മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ വിനു വിൻസന്റാണ് പരാതിക്കാരൻ. എറണാകുളം പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.ഇന്ത്യൻ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരംമാണ് സുധാകരനെതിരെ കേസെടുത്തത്. ‘
മുഖ്യമന്ത്രി പിണറായി വിജയൻ ചങ്ങല പൊട്ടിയ നായെ പോലെ തൃക്കാക്കരയിൽ തേരാ പാര നടക്കുകയാണ്’ എന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞത് വിവാദമായിരുന്നു.ഈ വിഷയം സിപിഎം തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് ആയുധമാക്കുന്നതിനു ശ്കതമായ പ്രതിഷേധവും ഉയർത്തി. പ്രതിപക്ഷത്തിനു ഹാലിളകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കവെയാണ് കെ.സുധാകരൻ മുഖ്യമന്ത്രിക്കെതിരെ രോഷംകൊണ്ടത്.
‘ഹാല് ഞങ്ങൾക്കല്ല ഇളകിയത്. ഹാലിളകയത് അദ്ദേഹത്തിനാ. അതാ ഇങ്ങനെ ഇവിടെ തേരാപാര നടക്കുന്നത്. ഒരു മുഖ്യമന്ത്രിയാ ഈ നടക്കുന്നതെന്ന ഓർമ വേണം. ഒരു നിയോജക മണ്ഡലത്തിലെ ബൈ ഇലക്ഷന് അദ്ദേഹം ചങ്ങലേന്ന് പൊട്ടിയ നായ് വരുന്നത് പോലെയല്ലേ വരുന്നത് ചങ്ങലേന്ന് പൊട്ടിയാൽ പട്ടിയെങ്ങനെയാ പോവുക അത് പോലെയല്ലേ അദ്ദേഹം വരുന്നത്. അദ്ദേഹത്തെ നിയന്ത്രിക്കാൻ ആരെങ്കിലുമുണ്ടോ അയാളെ പറഞ്ഞ് മനസിലാക്കാൻ ആരെങ്കിലും ഉണ്ടോ. അയാൾ ഇറങ്ങി നടക്കുകയല്ലേ ഞങ്ങൾക്ക് ഹാലിളകിയിട്ടൊന്നുമില്ല. ഞങ്ങൾക്ക് അർഹതപ്പെട്ടതേ ഞങ്ങൾ പറയുന്നുള്ളൂ. അർഹതയില്ലാത്തത് അവരാ ചോദിക്കുന്നത്’ – എന്നായിരുന്നു സുധാകരൻ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചസുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തമ്മിലിള്ള വാഗ്വാദം സുധാകരനെതിരെ കേസുംകൂടി വന്നതോടെ പുതിയ തലത്തിലേക്കു നീങ്ങുകയാണ്. കെ.പി.സി.സി പ്രസിഡന്റിനെതിരെയുളള കേസ് രാഷ്ട്രീയ പകപോക്കലിന്റെ തുടർച്ചയെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.