തിരുവനന്തപുരം: കൃഷിമന്ത്രി പി പ്രസാദിന്റെ ഇസ്രയേല്‍ യാത്ര സിപിഎമ്മിന്റെ വിയോജിപ്പിനെ തുടര്‍ന്ന് സിപിഐ വിലക്കി. കര്‍ഷകര്‍ക്കൊപ്പം ഇസ്രയേല്‍ സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കൃഷിമന്ത്രിയെ ഒഴിവാക്കുകയായിരുന്നു. യാത്ര ഒഴിവാക്കണമെന്ന് സിപിഎം ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.മന്ത്രിയുടെ നേതൃത്വത്തില്‍ 20 കര്‍ഷകരു ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 30 അംഗസംഘം ഇസ്രയേല്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം. എന്നാല്‍ നയപരമായും രാഷ്ട്രീയപരമായും എതിര്‍ക്കുന്ന ഇസ്രേയേലില്‍ ഇടതുസര്‍ക്കാരിലെ ഒരു മന്ത്രി സന്ദര്‍ശിക്കുന്നതിലെ ധാര്‍മികതയെ സിപിഎം ഉന്നയിച്ചത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി സിപിഐ ജനറല്‍ സെക്രട്ടറിയെ മന്ത്രിയുടെ യാത്രയില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. പാലസ്തീന്‍ ജനതയോടുള്ള സമീപനം ഉള്‍പ്പെടെ ഇസ്രയേല്‍ ഭരണകൂടത്തെ ജനവിരുദ്ധയുടെ ഉദാഹരണമായാണ് സിപിഎമ്മും സിപിഐയും വിശദീകരിക്കാറുള്ളത്. അത്തരമൊരു രാജ്യത്തേക്ക് ഇടതുപക്ഷ സര്‍ക്കാരിലെ ഒരു മന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയുമായി പ്രസാദ് പോകുന്നത് അനൗചിത്യമാണെന്ന് ഇരുപാര്‍ട്ടിയിലെയും ജനറല്‍ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ ഉയര്‍ന്നു.
വിദേശയാത്രകള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ അനുമതി തേടുന്ന രീതി ഇടതുപാര്‍ട്ടയിലുണ്ട്. എന്നാല്‍ സിപിഐയില്‍ മന്ത്രി അറിയിച്ചിരുന്നില്ല. യാത്ര സംബന്ധിച്ച ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് നേതാക്കള്‍ മന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെക്കുറിച്ചറിയുന്നത്. താത്കാലം യാത്ര മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് യാത്ര റദ്ദാക്കുകയായിരുന്നു.