വയനാട് : നാട്ടിലിറങ്ങിയ കാട്ടാനയെ പിടികൂടുന്നത് സംബന്ധിച്ച നടപടി ക്രമങ്ങൾ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ വിലയിരുത്തി. കുപ്പാടിയിലും മുത്തങ്ങയിലും മന്ത്രി സന്ദർശനം നടത്തി. കാട്ടാന ഇപ്പോഴുള്ള കുപ്പാടി റിസർവ് വനപ്രദേശത്ത് വനം വകുപ്പിന്റെ ഓപ്പറേഷൻ പുരോഗമിക്കുകയാണ്. മുത്തങ്ങയിലെ ആനപരിചരണ കേന്ദ്രവും ആനക്കൊട്ടിലും മന്ത്രി സന്ദർശിച്ചു. ജനപ്രതിനിധികളുമായും വനപാലകരുമായി ആശയ വിനിമയം നടത്തി. ചെങ്കുത്തായ പ്രദേശത്താണ് ആനയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത്. വനപാലകർ കുങ്കിയാനയുടെ സഹായത്തോടെ ആനയെ സമതല പ്രദേശത്തേക്ക് തുരത്തിക്കൊണ്ടിരിക്കുകയാണ്. മയക്കുവെടി വിദഗ്ധരും കുങ്കിയാനകളുമടങ്ങുന്ന 150 അംഗ വനപാലക സംഘം ഇന്നലെ രാവിലെ എട്ടുമണി മുതലാരംഭിച്ച തെരച്ചിൽ, ഇരുട്ട് വീണതോടെ താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു.
മറ്റൊരു ആനകൂടി ഈ ആനയോടൊപ്പം കൂടിയതിനാൽ തുരത്തുന്നത് ദുഷ്‌ക്കരമായിരിക്കുകയാണ്. സമതലത്തിൽ എത്തിയാൽ മാത്രമേ ആനയെ മയക്കുവെടിവെക്കാനും ലോറിയിൽ കയറ്റിക്കൊണ്ടുവരാനും കഴിയുകയുള്ളു. ഈ മേഖലയിൽ രാത്രി പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. മുത്തങ്ങയിലെ കൊട്ടിലിൽ എല്ലാ അറ്റകുറ്റപണികളും പൂർത്തിയായി. മയക്കുവെടി വെക്കാനുള്ള ഉത്തരവിറങ്ങിയതിലെ കാല താമസം സംബന്ധിച്ച് വനം മന്ത്രിയും ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടി.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേശ്, ഫോറസ്റ്റ് ചീഫ് കൺസർവേറ്ററും നോഡൽ ഓഫീസറുമായ കെ.എസ്. ദീപ, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ മുഹമ്മദ് ഷബാബ് തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.