കോതമംഗലം : കനത്ത മഴയെ തുടർന്ന് പല്ലാരിമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് പുലിക്കുന്നേപ്പടിയിൽ അടുത്തടുത്തുള്ള രണ്ട് വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീഴുകയും ഇതുമൂലം സമീപത്തെ വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ശനിയാഴ്ചയുണ്ടായ മഴയിലാണ് കല്ലേലിയിൽ റഹീമിൻ്റെയും, സ്രാമ്പിക്കൽ മുഹമ്മദ് ഫാറൂഖിൻ്റെയും വീടിന് പുറത് വശത്തെ 20 അടി പൊക്കമുള്ള കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് വീണത്. ഇവരുടെ വീടിൻ്റെ താഴ്ഭാഗത്ത് താമസിക്കുന്ന കല്ലേലിയിൽ കരീമിൻ്റെ വീടിൻ്റെ കോണിപ്പടി തകരുകയും ഭിത്തിക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് അബ്ദുൾ റസാഖ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി. പത്ത്ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. എം എൽ എ ആൻ്റണി ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, പഞ്ചായത്തംഗങ്ങളായ എ എ രമണൻ, റിയാസ് തുരുത്തേൽ, സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ലോക്കൽ കമ്മിറ്റി അംഗം പി കെ മുഹമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു.