മുരളി തുമ്മാരുകുടി
നയാ പൈസ ഇല്ലാത്ത നവ കേരളം?എന്നാണ് ഞാന്‍ ‘കേരളത്തിന്റെ ഖജനാവ് കാലി’ എന്ന് ആദ്യം കേട്ടത്?
തൊള്ളായിരത്തി എണ്‍പതില്‍ ആയിരിക്കണം.അന്നാണ് എന്റെ ഓര്‍മ്മയില്‍ ഒരു മുന്നണി മാറി മറ്റൊരു മുന്നണിക്ക് ഭരണം കിട്ടുന്നത്.
പിന്നെ അതൊരു ശീലമായി. ഓരോ ഭരണവും മാറുമ്പോള്‍ പുതിയതായി വരുന്ന മുന്നണി പറയും.
ഖജനാവ് കാലി !
ഇപ്പോള്‍ ഞാന്‍ അത് ശ്രദ്ധിക്കാറില്ല.
എന്നാണ് ‘കേരളം കടം കേറി മുടിഞ്ഞു’ എന്ന് ആദ്യമായി കേട്ടത്?
തൊള്ളായിരത്തി എഴുപത്തി മൂന്നില്‍ ആയിരിക്കണം. അക്കാലത്താണ് പത്രങ്ങള്‍ ഒക്കെ കാര്യമായി വായിക്കാന്‍ തുടങ്ങിയത്.
ഖജനാവ് കാലി എന്ന് പറയുന്നത് ഭരണം കിട്ടുന്നവര്‍ ആണെങ്കില്‍ കടമെടുത്തു മുടിഞ്ഞു എന്നൊക്കെ പറയുന്നത് പ്രതിപക്ഷമാണ്.
എത്ര വട്ടം കേട്ടിരിക്കുന്നു.
അതും ഞാന്‍ ഇപ്പോള്‍ ശ്രദ്ധിക്കാറില്ല.
ഒരു കാലത്ത് വരവില്‍ കുറച്ചു ചിലവ് ചെയ്ത് ബഡ്ജറ്റ് ഉണ്ടാക്കുന്നതല്ലേ ശരി എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.അങ്ങനെയാണല്ലോ വ്യക്തിപരമായി പണം ചിലവാക്കുന്നത്.
സര്‍ക്കാര്‍ ആയത് കൊണ്ട് ലാഭം ഉണ്ടാക്കിയില്ലെങ്കിലും ബാലന്‍സ് ബഡ്ജറ്റ് എങ്കിലും വേണ്ടേ എന്നൊക്കെ ആയിരുന്നു ചിന്ത.
ഇതെന്റെ കാര്യം മാത്രമല്ല. അനവധി സാമ്പത്തിക വിദഗ്ദ്ധര്‍ അങ്ങനെ ചിന്തിച്ചിട്ടുണ്ട്. ഏറെ ധനകാര്യ മന്ത്രിമാര്‍ ആക്കണക്കിനുള്ള ബഡ്ജറ്റുകള്‍ ഉണ്ടാക്കിയിട്ടും ഉണ്ട്.
ഇപ്പോള്‍ പക്ഷ വരവും ചിലവും തുല്യമാക്കുന്ന ബഡ്ജറ്റുകള്‍ ഒന്നും ആരും ഉണ്ടാക്കാറില്ല. കടം വാങ്ങുക എന്നത് നല്ല ധനകാര്യ മാനേജ്മെന്റിന്റെ ഭാഗമായിട്ടാണ് എല്ലാവരും കാണുന്നത്.
വിവിധ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അത്
ജി ഡി പി യുടെ എത്ര ശതമാനം കടം വാങ്ങാം
എത്ര പലിശക്ക് വാങ്ങാം
ഏത് കറന്‍സിയില്‍ വാങ്ങാം
എവിടെ വാങ്ങി എന്ത് ചെയ്യണം
എന്നൊക്കെയുള്ള വിഷയത്തില്‍ ആണ്.
ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര ഉല്പാദനത്തിന്റെ 3.5 ശതമാനം ആണ് കടം എടുക്കാന്‍ കഴിയുന്നത് എന്നാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ നിബന്ധന. അതൊരു നിബന്ധന മാത്രമാണ്. കേന്ദ്ര സര്‍ക്കാരിന് വേണമെങ്കില്‍ അത് നാലാക്കാം, നാലരയോ അഞ്ചോ ആക്കാം.
ഒരു രാജ്യം എത്ര കടം എടുക്കാമെന്നതിനെ പറ്റിയുള്ള സാമ്പത്തിക വിദഗ്ദ്ധന്മാരുടെ ചിന്ത ഏറെ മാറിയിട്ടുണ്ട്. പണ്ടൊക്കെ കടമെടുപ്പിനെ പേടിയോടെ കണ്ടിരുന്ന പലരും ഇപ്പോള്‍ കടത്തെ വ്യത്യസ്തമായി കാണുന്നുണ്ട്.
ലോകത്തെ സമ്പത്തുള്ള രാജ്യങ്ങളും ഉയര്‍ന്നു വരുന്ന രാജ്യങ്ങളും എടുത്തു നോക്കിയാല്‍ സമ്പത്തുള്ള രാജ്യങ്ങളാണ് കൂടുതല്‍ കടം വാങ്ങുന്നത് എന്ന് കാണാം.
മുന്‍പും പറഞ്ഞിട്ടുളളതാണ്
കടമെടുത്ത് എവിടെ ചിലവാക്കുന്നു എന്നതാണ് പ്രധാനം.
എന്താണ് ശരിയായ നിക്ഷേപം.
കടമെടുത്ത് അതിന്റെ പലിശയില്‍ കൂടുതല്‍ വരവ് കിട്ടുന്ന പദ്ധതികളില്‍ നിക്ഷേപിക്കുന്നതാണ് നല്ല നിക്ഷേപം എന്ന് കരുതുന്നവര്‍ ഉണ്ട്.
ഉദാഹരണത്തിന് സര്‍ക്കാര്‍ പണം എടുക്കുന്നു, ഒരു റോഡ് ഉണ്ടാക്കുന്നു. അതില്‍ ടോള്‍ വക്കുന്നു. ടോളില്‍ കിട്ടുന്ന പണം കൊണ്ട് പലിശ അടച്ചു തീര്‍ക്കുന്നു.
ന്യായമാണ്.
പക്ഷെ സര്‍ക്കാര്‍ പണം കടമെടുത്ത് റോഡുണ്ടാക്കി സൗജന്യമാക്കി കൊടുത്താലോ ?
എന്തിന് സര്‍ക്കാര്‍ പണം എടുത്ത് ആരോഗ്യത്തിലോ വിദ്യാഭ്യാസ രംഗത്തോ നിക്ഷേപിച്ചാലോ. പ്രത്യേകിച്ച് വരുമാനം ഒന്നുമില്ലാതെ?
അല്ലെങ്കില്‍ നഷ്ടത്തില്‍ നടക്കുന്ന പൊതുഗതാഗതത്തില്‍?
ലാഭം ഉണ്ടാക്കുക എന്നത് ഒരു സര്‍ക്കാരിന്റെയും ലക്ഷ്യമല്ല. ലക്ഷ്യം ആകരുത്.
ലാഭം ഉണ്ടാകുമെന്ന് ഉറപ്പുള്ള സംവിധാനങ്ങളില്‍ സ്വകാര്യ മൂലധനം വരുമല്ലോ. സര്‍ക്കാര്‍ അവിടെ നിന്നും മാറി നില്‍ക്കുന്നതാണ് ഭംഗി.
എന്നാല്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് സഹായിക്കുന്ന എന്ത് സംഭവത്തിലും നിക്ഷേപിക്കുന്നത് ശരിയായ നിക്ഷേപം ആണ്.
ഉദാഹരണത്തിന് പൊതുജനാരോഗ്യത്തില്‍
നല്ല വിദ്യാഭ്യാസത്തില്‍
പതിറ്റാണ്ടുകളായി ഒരു ലാഭവും ഇല്ലാത്ത വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഒക്കെ നിക്ഷേപിച്ചുണ്ടായതാണ് ഇന്നത്തെ കേരളം.
തൊള്ളായിരത്തി അറുപതുകളില്‍ ഇന്ത്യയിലെ ഏറ്റവും ആളോഹരി വരുമാനം കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം (lowest quartile). ഇപ്പോള്‍ അത് ഏറ്റവും ആളോഹരി വരുമാനം കൂടിയ സംസ്ഥാനങ്ങളില്‍ ഒന്നായി (highest quartile). ഇതൊന്നും ഹൈവേയിലെ ടോള്‍ പിരിച്ചുണ്ടാക്കിയതല്ല. മാനവവിഭവ ശേഷി വര്‍ധിപ്പിച്ച് (ആ വിഭവശേഷി ലോകത്തെല്ലാം പോയി) ഉണ്ടാക്കിയതാണ്.
അതുകൊണ്ട് തന്നെ കിഫ്ബി പണം കൊണ്ട് ആശുപത്രിയുണ്ടാക്കുമ്പോള് എവിടെയാണ് ലാഭം എന്ന് ചികയുന്നതില്‍ കാര്യമില്ല.
കടം കൂടുന്നുണ്ടോ എന്നുള്ളതല്ല നമ്മള് പേടിക്കേണ്ട വിഷയം
മേടിക്കുന്ന കടം എവിടെയാണ് ഉപയോഗിക്കുന്നത് എന്നാണ്
അക്കാര്യത്തിലാണ് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ശ്രദ്ധ വേണ്ടത്
ഖജനാവ് കാലി’യും ‘കടക്കെണി’യും ഇനിയും അമ്പത് വര്‍ഷവും ഇവിടെ തന്നെ കാണും.