രാം നവമി ആഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ഔറംഗാബാദ് (സമ്പാജി നഗറിൽ) സംഘർഷത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ പരിക്കറ്റേയാൾ മരിച്ചു. വ്യാഴാഴ്ച അർധരാത്രി കിരാഡ്പുര പ്രദേശത്താണ് സംഘർഷമുണ്ടായത്. പരിസരത്തെ രാമ ക്ഷേത്രത്തിൽ രാം നവമി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നവരും ആ സമയത്ത് ബൈക്കിൽ അത് വഴി വന്ന സംഘവും തമ്മിലെ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സമാധാന ശ്രമത്തിനിടെ ഔറംഗാബാദ് എം.പിയും മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മജ്‌ലിസ്) നേതാവുമായ ഇംതിയാസ് ജലീലിനും പരിക്കേറ്റിരുന്നു.
നിരവധി പോലീസു്കാർക്കും പരിക്കേറ്റിരുന്നു. സംഘർഷം രൂക്ഷമായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിചാർജ്ജ് നടത്തുകയും ചെയ്തു. തുടർന്നാണ് അക്രമികളെ പിരിച്ചുവിടാൻ വെടിവെയ്പു നടത്തിയത്.
നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു. 500 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ മുംബൈയിലെ മാൽവണിയിലും ചെറിയ സംഘർഷം ഉടലെടുത്തിരുന്നു.