പാലക്കാട്: പാലക്കാട് കെ.എസ്.ആർ.ടി സിയുടെ പുതിയ കെട്ടിടത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടായി അനധികൃതമായി പ്രവർത്തിക്കുന്ന കട മാറ്റാൻ ഉത്തരവ് വന്നിട്ടും അധികൃതർ കണ്ണടക്കുന്നതായി പരാതി. കഴിഞ്ഞ ഡിസംബറിലാണ് യാത്രക്കാർ ഇരിക്കുന്ന കസേരകൾ അടർത്തിമാറ്റി ആ ഭാഗത്ത് അനധികൃതമായി കട പ്രവർത്തിച്ചു തുടങ്ങിയത്. തുടർന്ന് എം.എൽ എ അടക്കം ഇടപെട്ട് കട മാറ്റാൻ പറഞെങ്കിലും തീരുമാനമായില്ല. തുടർന്ന് യാത്രക്കാരുടെ പരാതിയിൽ തിരുവനന്തപുരത്തു നിന്നും കെ.എസ്.ആർ.ടി സി എം ഡിയുടെ ഓഫീസ് കട അടിയന്തിരമായി മാറ്റി സ്ഥാപിക്കാൻ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് ഇറങ്ങി ഒരു മാസം പിന്നിട്ടിട്ടും കട മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറാവുന്നില്ല. ചില രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലാണ് ബസ് സ്റ്റാന്റിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടായി കട പ്രവർത്തിച്ചു വരുന്നത്. കെ.എസ്.ആർ.ടി സി എം.ഡി.യുടെ ഓഫീസിൽ നിന്നും വന്ന ഉത്തരവ് പോലും അട്ടിമറിക്കപ്പെടുകയാണ്. വിഷയം ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് യാത്രക്കാർ.