വയനാട് മഹാദുരന്തം അറിഞ്ഞതോടെ സഹായ ഹസ്തവുമായി നാനാ മേഖലയിൽ ഉൾപ്പെട്ടവർ ദുരന്തഭൂമിയിലേക്ക് ഓടിയെത്തി. ജീവൻ പണയംവച്ചും രക്ഷാ പ്രവർത്തനത്തിനിറങ്ങിയവർ, രാപകൽ, ഇരകൾക്കും, രക്ഷാ പ്രവർത്തകർക്കും ഭക്ഷണം ഒരുക്കി പ്രയ്‌നിച്ചവർ, ഭക്ഷ്യവസ്തുക്കൾ, യന്ത്ര സാമഗ്രികൾ അങ്ങനെ നൂറുകൂട്ടം സഹായവുമായി ഓടിയെത്തിയവർ—- ഇക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു സഹായ വാഗ്ദാനമായിരുന്നു അനാഥമായ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ കൊടുക്കാൻ എന്റെ ഭാര്യ തയ്യാറാണെന്ന ഇടുക്കിയിലെ ഒരു തൊഴിലാളിയുടെ വാഗ്ദാനം. അതനുസരിച്ച് അവർ കുടുംബ സമേതം വയനാട്ടിൽ എത്തുകയും സഹായം ചെയ്യുകയും ചെയ്തു. ഒട്ടേറെ പേർ ഈ കാരുണ്യത്തെ അഭിനന്ദിച്ചു.
ഈ സംഭവം ചൂണ്ടികാണിച്ച് മാധ്യമ പ്രവർത്തകനായ കെ.ജെ. ജേക്കബ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം
ദയവിന്റെ മഹാസാഗരങ്ങളായ മനുഷ്യരെ കണ്ടിട്ടുണ്ട്; കേട്ടിട്ടുണ്ട്; വായിച്ചറിഞ്ഞിട്ടുണ്ട്; എല്ലാ മനുഷ്യരുടേയുമെന്നപോലെ എന്റെയും ഓര്‍മ്മയുടെ സഞ്ചിതനിധിയില്‍ അവരുണ്ട്.
എങ്കിലും ഇമ്മാതിരിയുള്ള മനുഷ്യരെ ഞാന്‍ ഇക്കാലം മുഴുവന്‍ ജീവിച്ച ജീവിതത്തില്‍ എവിടെവെച്ചെങ്കിലും കണ്ടിട്ടില്ല.
ഇക്കാലം മുഴുവന്‍ എഴുതിയതോ എഡിറ്റു ചെയ്ത ആയ ആയിരക്കണക്കിന് റിപ്പോര്‍ട്ടുകളിലും അവരെ കണ്ടിട്ടില്ല.
അറിഞ്ഞ ചരിതത്തിലോ വായിച്ച പുസ്തകങ്ങളിലോ എന്തിന്, കഥകളില്‍ പോലുമോ ഇങ്ങിനെയുള്ള മനുഷ്യരുണ്ടായിട്ടില്ല.
നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ അവരെ?
എവിടെയോ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെയോര്‍ത്തു ഉള്ളുപൊള്ളി മുലചുരത്തുന്ന അമ്മമാരെ?
അമ്മപോയി അലറിക്കരയുന്ന ഉണ്ണിക്കിടാങ്ങള്‍ക്കു നല്കാന്‍ ഏതോ നാട്ടില്‍നിന്നു നെഞ്ചില്‍ പാലാഴിയുമായിപ്പോകുന്ന മനുഷ്യരെ?
നമ്മുടെ നാട് ഇതുവരെ സൃഷ്ടിച്ചെടുത്ത നന്മകളെല്ലാം പിഴിഞ്ഞൂറ്റിയാല്‍ അവരാകും.
അവര്‍ ‘മനുഷ്യന്‍’ എന്ന സുന്ദരപദത്തിനു പുതിയ അര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുന്നു; കടലോളം ആഴവും ആകാശത്തോളം ഉയരവും നല്‍കുന്നു. മെച്ചപ്പെട്ട മനുഷ്യരായിരിക്കാന്‍ നമ്മളെ ക്ഷണിക്കുന്നു.
ജീവിതത്തെ ഏകദേശം ജീവിക്കാന്‍ പറ്റുന്നതായി പരിവര്‍ത്തിക്കുന്നു. പ്രകാശം പരത്തുന്ന ആ പെണ്‍കുട്ടികള്‍.
ചെവിയോര്‍ത്താല്‍ ആകാശങ്ങളില്‍ നിന്ന് മാലാഖാമാര്‍ അവരെ അഭിവാദ്യം ചെയ്യുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാം:
നന്മ നിറഞ്ഞവരെ, സ്വസ്തി.