ഉസ്മാൻ അഞ്ചുകുന്ന്
കൽപ്പറ്റ: ഇന്നല്ലെങ്കിൽ നാളെ എനിക്കെന്തെങ്കിലും പറ്റിയാൽ അവൾ ഒറ്റക്കായി പോയി എന്ന് തോന്നില്ലെ……
ജെൻസൻ്റെ ആകുലതകളെ വിധി പിന്തുടർന്നപ്പോൾ ജീവിതത്തിൽ വീണ്ടും ശ്രുതി ഒറ്റപ്പെടുകയായിരുന്നു.
അനാഥത്വത്തിൻ്റെ ആകുലതകളിലേക്ക് ശ്രുതിയെ തള്ളിയിട്ട് ജിൻസനെ മരണം തട്ടിയെടുത്തതോടെ സമാധാനിപ്പിക്കാൻ പോലും വാക്കുകളില്ലാതെ കാഴ്ചക്കാർ പോലും വിതുമ്പുകയാണ്.
പ്രകൃതിയുടെ സംഹാര താണ്ഡവത്തിൽ എല്ലാവരെയും എല്ലാം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതീക്ഷയുടെ ഉമ്മറ പടിയായിരുന്നു ജിൻസൺ. ചൊവ്വാഴ്ച കൽപ്പറ്റക്കടുത്ത വെള്ളാരംകുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസൺ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെ മുഴുവൻ പേരെയും അച്ചൻ ശിവണ്ണൻ അമ്മ സബിത,അനിയത്തി ശ്രേയ അടക്കം എല്ലാവരെയും ഒരുമിച്ച് നഷ്ടമായതാണ്. ശ്രുതി കോഴിക്കോട്ട് ജോലിസ്ഥലത്തായത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.ഡി.എൻ എ ടെസ്റ്റിൽ അമ്മ പുത്തുമലയിലെ പൊതു ശ്മാശാനത്തിലുണ്ടെന്ന് കണ്ടെത്തിയതോടെ മരവിച്ച മനസുമായാണ് അവൻ്റെ കൈയ്യിൽ കൈ കോർത്ത് പിടിച്ച് കഴിഞ്ഞ ദിവസം അവൾ അമ്മയുടെ കുഴിമാടത്തിലെത്തി പ്രാർത്ഥിച്ചത്.
നാളുകൾക്ക് ശേഷം വിവാഹം കഴിച്ച് ഒന്നാവേണ്ടവരായിരുന്നു അവർ. വടുവഞ്ചാൽ ആണ്ടൂർ പരിമളം വീട്ടിൽ ജയൻ്റെയും പുഷ്പയുടെയും മകനാണ് ജെൻസൺ. ദുരന്തത്തി ഏ്ന് ഏതാനും ദിവസം മുമ്പാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്. അപകടത്തിൽ പരിക്കേറ്റ് കഴിയുന്ന ശ്രുതി ആശുപത്രിയിലെത്തി ജെൻസനെ അവസാനമായി ഒരിക്കൽ കൂടി കണ്ടു മടങ്ങി.