എടത്വ: കേരള കൗൺസിൽ ഓഫ് ചർച്ചസ് കുട്ടനാട് സോണിൻ്റെ ആഭിമുഖ്യത്തിൽ ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവായ റവ.ജോർജ് മാത്തൻ അനുസ്മരണം മാർച്ച് 5ന് 12.30ന് തലവടി പവർ ലാൻ്റിൽ നടക്കും.കേരള കൗൺസിൽ ഓഫ് ചർച്ചസ് കുട്ടനാട് സോൺ പ്രസിഡൻ്റ് പ്രകാശ് പനവേലി അധ്യക്ഷത വഹിക്കും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റവ.ഫാദർ സി.ബി. വില്യംസ് ഉദ്ഘാടനം ചെയ്യും.പാസ്റ്റർ ബാബു തലവടി മുഖ്യസന്ദേശം നല്കും.ഡോ. ജോൺസൺ വി. ഇടിക്കുള, സെൻ്റ് ജോർജ് ഫെറോന പളളി എഡ്യൂക്കേഷൻ ബോർഡ് കൺവീനർ ജയൻ ജോസഫ് എന്നിവർ പ്രബന്ധം അവതരിപ്പിക്കും.
ആംഗ്ലിക്കൻ സഭയുടെ ആദ്യ നാട്ടുപട്ടക്കാരനും മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു,സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനുമായിരുന്ന മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ അന്തിയുറങ്ങുന്നത് കുട്ടനാട് തലവടി കുന്തിരിക്കൽ സെന്റ് തോമസ് സി.എസ്.ഐ പള്ളി അങ്കണത്തിലാണ്.
പത്തനംതിട്ടയിലെ കിടങ്ങന്നൂർ എന്ന സ്ഥലത്ത് തിരുവിതാംകൂർ രാജഭരണം നിലവിലിരുന്ന കാലത്ത് പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ മാത്തൻ തരകൻ്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്റ്റംബർ 25 ന് ആണ് ജോർജ് മാത്തൻ ജനിച്ചത്.
ജോർജ് മാത്തൻ ജനിക്കും മുമ്പ് പിതാവ് മരിച്ചു. പിതാവിൻ്റെ സഹോദരൻ ഓർത്തഡോക്സ് സഭയിലെ കുര്യൻ കത്തനാർ ആണ് ജോർജ് മാത്തനെ സുറിയാനി പഠിപ്പിച്ചത്.കോട്ടയം പഴയ സെമിനാരിയിൽ നിന്നും ഇംഗ്ലീഷ് ,ഗ്രീക്ക്, സംസ്കൃതം, എന്നീ ഭാഷകൾ പഠിച്ചു. ഈ കാലയളവിൽ ബഞ്ചമിൻ ബെയിലി, ഫെൻ, ബേക്കർ എന്നീ വിദേശ മിഷണറിമാരെ ഇദ്ദേഹം പരിചയപെട്ടു.1837 ൽ ഉപരിപഠനത്തിന് കോട്ടയത്ത് നിന്നും മദിരാശിയിലേക്ക് കാൽനടയായി പോയി.
മദിരാശി സർക്കാർ നടത്തിയ ഗണിത പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ജോർജ് മാത്തന് സർക്കാർ നല്കിയ ജോലി സ്വീകരിക്കാത് പൗരോഹിത്യത്തിൽ അടിയുറച്ചു.1844 ൽ ആഗ്ലിക്കൻ സഭയിൽ പൂർണ്ണ വൈദീകനായി മാവേലിക്കരയിൽ വൈദിക സേവനം തുടങ്ങി.1845 മുതൽ റവ.ജോർജ് മാത്തൻ 15 വർഷം മല്ലപ്പള്ളിയിൽ പൗരോഹിത്യ ശുശ്രൂഷ ചെയ്തതിനു ശേഷം 1860 ൽ തിരുവല്ല തുകലശ്ശേരി ഇടവകയിൽ എത്തി. 1863 ൽ മലയാളത്തിലെ ആദ്യ വ്യാകരണഗ്രന്ഥം ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ തയ്യാറാക്കി.ഇംഗ്ലീഷ് വിദ്യാഭ്യാസം കേരളത്തിൽ നടപ്പാക്കുന്നതിന് നിർണ്ണായക പങ്ക് വഹിച്ചു.കെയിം ബ്രിഡ്ജ് നിക്കോൾസൺ എന്ന സ്ഥാപനത്തിൽ നിന്നും ഫണ്ട് ശേഖരിച്ച് കേരളത്തിലെ പല ഇടങ്ങളിലും സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ച് പ്രേഷിത പ്രവർത്തനം നിർവഹിച്ചു.1869 ൽ തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയിൽ ചാപ്ലയിൻ ആയിരുന്നു കൊണ്ട് ആഗ്ലിക്കൻ സഭയുടെ ഭരണ ചുമതല നിർവഹിച്ചു.1870ൽ മരണമടഞ്ഞു.
റവ.ജോർജ് മാത്തൻ്റെ മൃതദേഹം തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയുടെയും സി.എം.എസ് ഹൈസ്കൂളിൻ്റെ ഇടയ്ക്കുള്ള സ്ഥലത്ത് കല്ലറയിൽ 1870 മാർച്ച് 4 ന് സംസ്ക്കരിച്ചു.
സാമുഹ്യ പുരോഗതിക്ക് വില മതിക്കാനാവാത്ത സംഭാവനകൾ നല്കുകയും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ്റെ സ്മരണ നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപെട്ട് പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുള മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നിവേദനം നല്കിട്ടുണ്ട്.