പ്രശസ്ത റേഡിയോ അവതാരികയും ഗായികയുമായ ആശാലത തന്റെ ആത്മകഥ പുറത്തിറക്കുന്നു. 20 വര്‍ഷത്തോളമായി കേരളത്തില്‍ തന്നെ കേള്‍ക്കുന്ന ശ്രോതാക്കളെയാണ് തന്റെ പുസ്തകത്തിനുള്ള പേര് നിര്‍ദേശിക്കാന്‍ ഇവര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ആശാലത തന്റെ ആത്മകഥയ്ക്ക് പേര് നിര്‍ദ്ദേശിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് എറെ സുപരിചിതയാണ് ആശാലത. 1986 കാലഘട്ടങ്ങളില്‍ യേശുദാസ്, ജി വേണുഗോപാല്‍, മാര്‍ക്കോസ്,
ഉണ്ണിമേനോന്‍,കൃഷ്ണചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, മനോ, മലേഷ്യ വാസുദേവന്‍, ജോളി എബ്രഹാം തുടങ്ങി പ്രശസ്തരായ ഗായകര്‍ക്കൊപ്പം പാടി മലയാള സിനിമയ്ക്ക് ഒരു പിടി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ഈ ഗായിക, പിന്നീട് റേഡിയോ പ്രക്ഷേപണ രംഗത്ത് ചുവടുറപ്പിക്കുകയുംചെയ്തു.1995 മുതല്‍ ദുബൈ റാസല്‍ഖൈമയില്‍ റേഡിയോ ഏഷ്യയില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി.പിന്നീട് യു.എ.ക്യൂ റേഡിയോയിലും പ്രവര്‍ത്തിച്ചു.
2005 ല്‍ കേരളത്തില്‍ തിരിച്ചെത്തിയ അവര്‍ ആകാശവാണി തിരുവനന്തപുരം, കൊച്ചി കോഴിക്കോട് തൃശൂര്‍ നിലയങ്ങളിലൂടെ ഹലോ ജോയ് ആലുക്കാസ് എന്ന സ്പോണ്‍സേഡ് പ്രോഗ്രാമിന്റെ വേറിട്ട അവതരണത്തിലൂടെ സംഗീത ജീവിതത്തിനൊപ്പം റേഡിയോ അവതാരക എന്ന നിലയിലുള്ള തന്റെ പ്രതിഭയും തെളിയിക്കാന്‍ തുടങ്ങി. ആലാപനത്തിലെ തെളിച്ചവും വെളിച്ചവുമുള്ള ശബ്ദം കൊണ്ട് ശുദ്ധമായ മലയാളത്തില്‍ ശ്രോതാക്കളോട് സരസമായി സംവദിക്കാനുള്ള പ്രാഗല്ഭ്യവും തനിക്കുണ്ടെന്ന് ആശാലത തെളിയിച്ചു.ഇപ്പോള്‍ ഹൃദയപൂര്‍വ്വം രാജഗിരി എന്ന പരിപാടിയിലൂടെ ജൈത്രയാത്ര തുടരുന്നു.
കഴിഞ്ഞ 20 വര്‍ഷമായി തന്റെ മനോഹര ശബ്ദത്തിലൂടെ ലക്ഷകണക്കിന് ശ്രോതാക്കള്‍ക്ക് സാന്ത്വനവും സന്തോഷവും, നല്കി വഴികാട്ടിയും അമ്മയും ചേച്ചിയും സഹോദരിയുമൊക്കെയായി മാറിയ ആശാലതയുടെ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവിതം തന്റെ പ്രിയപ്പെട്ട ശ്രോതാക്കള്‍ക്കു മുന്നില്‍ തുറന്നു പറയാനൊരുങ്ങുകയാണ് ആശാലത, മുക്കാലോളം എഴുതി പൂര്‍ത്തിയാക്കിയ തന്റെ ആത്മകഥയ്ക്ക് ഒരു പേര് നിര്‍ദ്ദേശിക്കാനുള്ള അവകാശം തന്നെ താനാക്കി മാറ്റിയ ശ്രോതാക്കള്‍ക്ക് വിട്ടു കൊടുത്തുകൊണ്ട് താനും തന്റെ പ്രിയപ്പെട്ടവരും തമ്മിലുള്ള ആത്മ ബന്ധത്തെ ഒന്നു കൂടി ഊട്ടി ഉറപ്പിച്ചിരിക്കുകയാണ് ഈ ഗായിക.
ആശാലത എന്ന തന്റെ ഔദ്യോഗിക ഫേസ് ബുക് പേജില്‍ പോസ്റ്റു ചെയ്ത വിഡിയോയ്ക്ക് താഴെ പേരുകള്‍ നിര്‍ദ്ദേശിച്ചു കൊണ്ട് ഇതിനോടകം തന്നെ ശ്രോതാക്കളും സജീവമായി. തന്റെ പുസ്തകത്തിന് നിര്‍ദ്ദേശങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത പേരിനൊപ്പം അത് നിര്‍ദ്ദേശിച്ച ആളുടെ പേരും പുസ്തകത്തോടൊപ്പം ചേര്‍ക്കുമെന്ന് തന്റെ വിഡിയോ പോസ്റ്റിലൂടെ ആശാലത പറയുന്നു.ഒരു പക്ഷെ ഇത് ആദ്യമായിട്ടായിരിക്കും ഇത്തരമൊരു ദൗത്യം ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ലക്ഷക്കണക്കിന് ശ്രോതാക്കളും ആശേച്ചിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണ് ഈ ചുമതപ്പെടുത്തല്‍ എന്നും ആരാധകര്‍ പറയുന്നു. ആശേച്ചി എന്ന പേര് തങ്ങള്‍ക്ക് അന്നും ഇന്നും എന്നും ഒരാശ്വാസത്തിന്റെ ആശാദീപമാണെന്നാണ് ശ്രോതാക്കളുടെ സാക്ഷ്യം.