സൗദി ക്ലബായ അൽ-നസ്ർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വമ്പൻ ഓഫർ നല്കി സ്വന്തമാക്കി. ക്ലബ് ചരിത്രത്തിലെ റെക്കോർഡ് തുകയായ 200 മില്യൻ ഡോളർ (ഏകദേശം 1,950 കോടി രൂപ) ആണ് വാർഷിക പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. രണ്ടര വർഷത്തേക്കാണ് കരാർ. പുതുവർഷ ദിനമായ ഞായറാഴ്ച കരാർ പ്രാബല്യത്തിൽ വരും.മാഞ്ചസ്റ്റർ യുണൈറ്റഡിൽ 100 മില്യൻ ഡോളറായിരുന്നത് ഇപ്പോൾ ഇരട്ടിയായി മാറി. പരസ്യ വരുമാനം ഉൾപ്പെടെയാണ് പ്രതിഫലം. ആഴ്ചയിൽ് 38.88 മില്യൻ യൂറോയും (34 കോടി രൂപ) ദിവസം 5,55,555 യൂറോയും (ഏകദേശം അഞ്ചു കോടി രൂപ), മണിക്കൂറിന് 23,150 യൂറോയും (20 ലക്ഷം രൂപ) ആയിരിക്കും ഇതുപ്രകാരം ലഭിക്കുക .
പി.എസ്.ജി താരം കിലിയൻ എംബാപ്പെയാണ് നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം. 128 മില്യൻ ഡോളറാണ് താരത്തിനു ലഭിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 120 ഡോളറുമാണ്.
ഇതിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതോടെ അൽ-നസ്റിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോളേവേഴ്‌സിന്റെ കുതിച്ചുചാട്ട്ം. നസ്റിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 8.60 ലക്ഷം ഫോളോവർമാരായിരുന്നത് പെട്ടെന്ന് 3.1 മില്യനായി ഉയർന്നു.
ഫേസ്ബുക്ക് അക്കൗണ്ടിൽ ഫോളോവർമാരുടെ എണ്ണം 1.74 ലക്ഷത്തിൽനിന്ന് 6.61 ലക്ഷവും, ട്വിറ്ററിൽ 90,000 ഫോളോവർമാരിൽനിന്നും 4.37 ലക്ഷവും അംഗങ്ങൾ വർധിച്ചു.