കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ എൻ.ഐ.എ കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകി. അലൻ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന സംസ്ഥാന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ നൽകിയത്. ഇതോടെ സംസ്ഥാന അഭ്യന്തര വകുപ്പ് ഭരണകക്ഷിയിൽനിന്നുവരെ വിമർശനം ഏറ്റുവാങ്ങിയ കേസാണ് വീണ്ടും ചർച്ചയാവുന്നത്.
കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിൽ വിദ്യാർഥികളെ മർദിച്ചെന്ന എസ്.എഫ്.ഐ പ്രവർത്തകരുടെ പരാതിയിൽ അലനെതിരെ ധർമടം പൊലീസ് കേസെടുത്തിരുന്നു. അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന റിപ്പോർട്ട് പന്നിയങ്കര സ്റ്റേഷൻ ഓഫീസർ ശംഭുനാഥാണ് ് എൻ.ഐ.എ കോടതിക്ക് കൈമാറിയത്
തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്നും അലൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2019-ലാണ് കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബനെയും ത്വാഹ ഫസലിനെയും മാവോയിസ്റ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് ഇരുവർക്കുമെകിരെ യുഎപിഎ ചുമത്തുകയായിരുന്നു. ഇടതുപക്ഷ പ്രവർത്തകരായ ഇരുവർക്കുമെതിരെയുള്ള യു.എ.പി.എ സിപിഎ്മ്മിലും സർക്കാരിലും വൻ വിവാദത്തിനു കാരണമായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഇടതുപക്ഷ സഹയാത്രികർ അടക്കം കുറ്റം ചുമത്തിയതിനെ വിമർശിച്ച് രംഗത്തുവന്നു.
ഇതിനിടെ അലൻ ഷുഹൈബിനെ വീണ്ടും ജയിലിൽ ഇടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
പോലീസ് നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നുംസിറ്റിസൺസ് ഫോർ ഡെമോക്രസി സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇത്തരം പ്രതികാര നടപടികൾ, വിദ്യാർത്ഥി- യുവ സമൂഹത്തിന്റെ ആരോഗ്യകരമായ സാമൂഹ്യ ഇടപെടൽ തടയുന്നതിന് മാത്രേ ഉപകരിക്കൂ. സർക്കാർ ഈ നീക്കത്തിൽ നിന്നും ഉടൻ പിന്തിരിയണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി സർക്കാരും എൻ.ഐ.എയും പിൻവലിക്കണമെന്നും അലനൊപ്പം ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി നിന്ന് ഈ ആവശ്യം ഉന്നയിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.