തിരുവനന്തപുരത്തുള്ള മൃഗ സ്നേഹി സംഘടന നൽകിയതും കോടതി സ്വമേധയാ എടുത്ത കേസുമാണ് ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കുക
ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയിലുള്ള അക്രമകാരിയായ അരിക്കൊമ്പനെ അവിടെ നിന്ന് മാറ്റുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്. രാവിലെ 11 മണിക്കാണ് പ്രത്യേക സിറ്റിങ് നടത്തുക. പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നിർദേശമാണ് നിലവിലുള്ളത്. അനുയോജ്യമായ മറ്റ് സ്ഥലങ്ങളുണ്ടെങ്കിൽ അറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
സർക്കാരിന് സ്ഥലം നിർദേശിക്കാനില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് തന്നെ മാറ്റേണ്ടി വരുമെന്നാണ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് വിഷയം പരിഗണിക്കാൻ ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പ്രത്യേക സിറ്റിങ് നടത്തുന്നത്. പറമ്പികുളത്തിന് പകരം മറ്റേതെങ്കിലും സ്ഥലം കണ്ടെത്തിയതായി സർക്കാർ ഇതുവരെ വിദഗ്ധ സമിതിയെ അറിയിച്ചിട്ടില്ല.
ആനയെ വനമേഖലയിലേക്ക് തന്നെ തുറന്നു വിടാൻ ഉചിതമായ സ്ഥലം കണ്ടെത്തണമെന്ന ഹൈക്കോടതി നിർദ്ദേശമുണ്ടായിരിക്കെ, സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു. തിരുവനന്തപുരത്തുള്ള മൃഗ സ്നേഹി സംഘടന നൽകിയതും കോടതി സ്വമേധയാ എടുത്ത കേസുമാണ് ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കുക .