വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രി സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലിലേക്കു നീങ്ങിയ സംഭവത്തിൽ ഇന്നു സർവ കക്ഷി സമാധാന ചർച്ച നടക്കും. ഞായറാഴ്ച രാത്രി സമരക്കാർ പൊലീസ് സ്റ്റേഷൻ വളയുകയും പൊലീസുകാരെ പുറത്തിറങ്ങാൻ പോലും അനുവദിക്കാതെ ഉപരോധിക്കുകയും ചെയ്തതോടെ കസ്റ്റഡിയിലെടുത്ത 4 പേരെ പോലീസ് വിട്ടയച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് വൈദികരെ അടക്കം പ്രതിയാക്കിയതോടെയാണ് പ്രതിഷേധത്തിന്റെ ഗതി മാറിയതെന്നു ചൂണ്ടികാണിക്കപ്പെടുന്നു.
പോലീസ് അറസ്റ്റ് ചെയ്ത സെൽട്ടൻ എന്നയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ 4 പേരെ കസ്റ്റഡിയിലെടുത്തതാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ആക്രമണത്തിൽ പൊലീസിന്റെ 4 ജീപ്പ്, 2 വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫിസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു. വിഴിഞ്ഞം ഇൻസ്‌പെക്ടർ, അസി.കമ്മിഷണർ എന്നിവർ ഉൾപ്പെടെ 36 പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. 2 പേരുടെ നില ഗുരുതരമാണ്. രാത്രി 7.30 ഓടെയാണ് സ്ത്രീകളടക്കം നൂറുകണക്കിനു പേർ പോലീസ് സ്‌റ്റേഷൻ വളഞ്ഞത്. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥത്ത് എത്തി നാലുപേരെ സ്‌റ്റേഷൻ ജാമ്യത്തിൽവിട്ടയക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത അഞ്ചുപേരെയും വിട്ടയയ്ക്കാനായിരുന്നു സമരക്കാരുടെ ആവശ്യം.
സംഭവത്തിൽ കണ്ടാലറിയാവുന്ന മൂവായിരംപേർക്കെതിരെ കേസെടുത്തു. വൈദികരടക്കം ആരെയും പേരെടുത്ത് പ്രതിയാക്കിയില്ല. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്ന് എഫ്.ഐ.ആർ.
സമാധാനപുനസ്ഥാപിക്കുന്നതിനു ചർച്ചക്ക് തയാറാണെന്നു വികാരി യുജിൻ പെരേര. രാവിലെ എട്ടരയോടെ പ്രദേശവാസികളുമായും ഉച്ചയ്ക്കുശേഷം ജില്ലാ കലക്ടറുമായും ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ചർച്ചകൾക്കും സഭ തയ്യാറാണെന്ന് ഫാ യൂജിൻ പെരേര പറഞ്ഞു. താൻ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ തനിക്കെതിരെ കേസെടുക്കണമെന്നും പെരേര കൂട്ടിച്ചേർത്തു.