Home LOCAL NEWS ERNAKULAM മാധ്യമ സ്വാതന്ത്ര്യം അപകടപ്പെടുന്നതിൽ ഉത്കണ്ഠ : അക്കാദമിക -മാധ്യമ മേഖലയിലെ ഉന്നതര്‍ പങ്കെടുത്ത...

മാധ്യമ സ്വാതന്ത്ര്യം അപകടപ്പെടുന്നതിൽ ഉത്കണ്ഠ : അക്കാദമിക -മാധ്യമ മേഖലയിലെ ഉന്നതര്‍ പങ്കെടുത്ത മാധ്യമ സെമിനാര്‍ ശ്രദ്ദേയമായി

മൂവാറ്റുപുഴ : രാജ്യത്ത് അപകടപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച്് അക്കാദമിക മാധ്യമ മേഖലയിലെ ഉന്നതർ പങ്കെടുത്ത മാധ്യമ സെമിനാർ ശ്രദ്ദേയമായി. മൂവാറ്റുപുഴ നിർമ്മല കോളേജും, മീഡിയ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ നവ മാധ്യമങ്ങളുടെ സ്വാധീനവും, അച്ചടി- ദൃശ്യമാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളും ചർച്ചയായി.

നിഷ്പക്ഷ മാധ്യമം എന്നൊന്നില്ലെന്നും ശരിയുടെയും നീതിയുടെ പക്ഷത്തുനില്ക്കുകയാണ് വേണ്ടതെന്നു സെമിനാർ ഉദ്ഘാടനം ചെയ്ത മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എം. ഹർഷൻ പറഞ്ഞു. ജനാധിപത്യ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും നിലനില്ക്കുന്ന രാജ്യത്ത് പ്രതിഷേധിക്കുന്നവരുടെ ഭവനങ്ങൾ ബുൾഡോസ് ചെയ്യുന്നത് ഫാഷിസമാണ്. ഇത്തരം കലുഷമായ സാഹചര്യത്തിൽ നീതിയുടെ പക്ഷത്തുനില്ക്കുകയാണ് മാധ്യമ ധർമമെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളും സാമൂഹ്യ ജനായത്തവും എന്ന വിഷയത്തിൽ കാലടി സംസ്‌കൃത സർവകലാശാല അധ്യാപകൻ ഡോ.അജയ് എസ്. ശേഖറും, ഗാന്ധിജിയുടെ പത്ര പ്രവർത്തന പാഠങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ ഗാന്ധിയൻ പ്രൊഫസർ എം.പി. മത്തായി എന്നിവർ പ്രഭാഷണം നടത്തി.

മാധ്യമ സെമിനാറിൽ ഡോ.അജയ് എസ്. ശേഖർ സംസാരിക്കുന്നു
മാധ്യമ സെമിനാറിൽ പ്രൊഫ, എം.പി. മത്തായി സംസാരിക്കുന്നു


ജനായത്തത്തിന്റെ അടിത്തറ സ്വാതന്ത്യം, സമത്വം, സാഹോദര്യം എന്നിവയാണെന്നും സാഹോദര്യമില്ലാതെ സമത്വവും സ്വാതന്ത്ര്യവും പ്രാപിക്കാനാവില്ലെന്നും ഡോ.അജയ് ശേഖർ പറഞ്ഞു. സാമൂഹ്യമാറ്റത്തിനു വലിയ സ്വാധീനം ചെലുത്തുന്ന നവ മാധ്യമങ്ങലും അധീശ- ഭരണകൂട താല്പര്യങ്ങൾക്കു കീഴടങ്ങുന്ന പ്രവണതയാണ് കാണുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

പ്രതികൂല സാഹചര്യങ്ങളിൽ മാധ്യമ പ്രവർത്തനം നടത്തിയ ഗാന്ധിജിയെയാണ് വർത്തമാനകാല ഇന്ത്യയിൽ മാതൃകയാക്കേണ്ടതെന്നു പ്രൊഫസർ എം.പി. മത്തായി പറഞ്ഞു. മൗലികാവകാശവും സ്വാതന്ത്ര്യവും തീർത്തും ഇല്ലാതിരുന്ന ഘട്ടത്തിൽ ലോകം കീഴടക്കിയ സാമ്രാജ്യത്വ ശക്തിക്കെതിരെയാണ് ഗാന്ധിജി എഴുതിയത്. സത്യത്തിലും അഹിംസയിലും അധിഷ്ടിതമായ ഉറച്ച സമീപനമായിരുന്നു ഗാന്ധിജിയുടെ പത്രപ്രവർത്തനം. മൂല്യങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നത് സമ്പൂർണ കീഴടങ്ങലിലാണ് അവസാനിക്കുയെന്നു അദ്ദേഹം ചൂണ്ടി കാണിച്ചു.

എഴുത്തുകാരനായി പി.ബി ജീജീഷ്, ഡോ. പി.ബി. സനീഷ് പ്രൊഫസർ ജോസ്‌കുട്ടി ജെ ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ദേശീയ പഞ്ചഗുസ്തി മെഡൽ ജേതാക്കളായ സുരേഷ് മാധവനും കുടുംബത്തിനും മീഡിയ ക്ലബ്ബ് ഉപഹാരം ബർസാർ ഫാദർ ജസ്റ്റിൻ കണ്ണാടൻ സമർപ്പിച്ചു.
നിർമ്മല കോളേജ് ഓഡിയോ വിഷൻ ഹാളിൽ നടന്ന സെമിനാറിൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് കെ.വി.അദ്ധ്യക്ഷത വഹിച്ചു. മീഡിയ ക്ലബ്ബ് പ്രസിഡന്റ് എം.ഷാഹുൽ ഹമീദ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എ. നിസാർ നന്ദിയും പറഞ്ഞു. വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരം കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്, ഗോകുൽ കൃഷ്ണൻ എന്നിവർ നൽകി.
സെമിനാറിൽ മാധ്യമ പ്രവർത്തകരും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്തു.

മീഡിയ ക്ലബ്ബ് അംഗങ്ങളായ ഏബിൾ. സി. അലക്‌സ്, ദീപേഷ് മുവാറ്റുപുഴ, ലിനു പൗലോസ്, ഷമീർ പെരുമറ്റം, അൻസൽ ചമ്മയത്, ജോയൽ വാഴക്കുളം, ജേക്കബ് തോമസ്, അനിൽ എബ്രഹാം എന്നിവർ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version