അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ അത്തനാസിയോസ് യോഹാൻ മെത്രാപ്പൊലീത്ത- (കെ.പി. യോഹന്നാൻ) അന്തരിച്ചു. 74 വയസ്സായിരുന്നു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
ചർച്ചിന്റെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.
ഉടൻതന്നെ ഹെലികോപ്റ്ററിൽ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. അഞ്ചു ദിവസംമുൻപാണ് മെത്രാപ്പോലീത്ത അമേരിക്കയിൽ എത്തിയത്.
ആത്മീയയാത്ര റേഡിയോ പ്രഭാഷണപരമ്പരയിലൂടെ ശ്രദ്ധേയനായ യോഹന്നാൻ 1950 മാർച്ച് എട്ടിന് നിരണം കടപ്പിലാരിൽ വീട്ടിലാണ് ജനനം. ഓപ്പറേഷൻ മൊബലൈസേഷൻ പദ്ധതിയിലൂടെ സുവിശേഷപ്രവർത്തകനായി, 1979ൽ ഗോസ്പൽ ഫോർ ഏഷ്യ സുവിശേഷ പ്രചാരണ സംഘടന സ്ഥാപിച്ചു. 1999 ൽ ബിലീവേഴ്‌സ് സഭയ്ക്കു രൂപം നൽകി, 2003ൽ സ്ഥാപക ബിഷപ്പായി. മുന്നൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്്.
ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി. 52 ബൈബിൾ കോളജുകൾ ആരംഭിച്ചു, തിരുവല്ലയിൽ 200 ഏക്കർ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു രാജ്യത്തിനകത്തും പുറത്തും നിരവധി സാമൂഹ്യൃ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.
.