Home NEWS KERALA ബജറ്റ് ചര്‍ച്ചയ്ക്ക് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ മറുപടി പറയും

ബജറ്റ് ചര്‍ച്ചയ്ക്ക് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ മറുപടി പറയും

തിരുവനന്തപുരം: ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബജറ്റ് ചര്‍ച്ചയ്ക്ക് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ മറുപടി പറയും. സെസ് കുറയ്ക്കാന്‍ മുന്നണിയിലും സമ്മര്‍ദ്ദമുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് നാല് യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹ സമരത്തിലാണ്. സെസ് പൂര്‍ണമായും പിന്‍വലിക്കണമെന്നതാണ് യു.ഡി.എഫിന്റെ ആവശ്യം. ഇല്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.

സഭയ്ക്കു പുറത്തുള്ള സമരം ശക്തമാക്കുകയും സഭയിലുള്ള സമരം പുതിയ തലത്തിലേക്ക് കൊണ്ടുപോകാനുമാണ് തീരുമാനം. ജനങ്ങളില്‍ നിന്നും മുന്നണിയില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ധന സെസ് ഒരു രൂപ കുറച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ ദിവസം നിയമസഭയിലും സെസ് ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിക്കുകയാണ് ധനമന്ത്രി ചെയ്തത്. ഒരു രൂപ സെസ് കുറച്ചാല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനായി വകയിരുത്തിയ തുകയില്‍ 375 കോടി കുറവ് വരും. ഇത് എവിടെ നിന്നും കണ്ടെത്തുമെന്നാണ് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നത്.

ഇതോടൊപ്പം നിയമസഭയില്‍ എം.എല്‍.എമാര്‍ ഉയര്‍ത്തിയ പരാതികളിലും ധനമന്ത്രി മറുപടി നല്‍കും. ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചതിനെതിരെയും അടച്ചിട്ട വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നതിനെതിരേയും ഭരണകക്ഷി എം.എല്‍.എമാര്‍ തന്നെ ബജറ്റ് ചര്‍ച്ചയില്‍ നിലപാട് എടുത്തിരുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version