Home LOCAL NEWS IDUKKI ഡോ. ശാന്ത ഓര്‍മയായി ; പ്രിയ നേതാവിന്റെ സഹധര്‍മിണിക്ക് അന്ത്യജ്ഞലി അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി

ഡോ. ശാന്ത ഓര്‍മയായി ; പ്രിയ നേതാവിന്റെ സഹധര്‍മിണിക്ക് അന്ത്യജ്ഞലി അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി

ഗീതാദാസ്‌

തൊടുപുഴ: ഡാ. ശാന്ത ഓര്‍മയായി. പ്രിയ നേതാവിന്റെ സഹധര്‍മിണിക്ക് അന്ത്യജ്ഞലി അര്‍പ്പിക്കാന്‍ പുറപ്പുഴയിലെ പാലത്തിനാല്‍ വീട്ടില്‍ ആയിരങ്ങളാണ് എത്തിയത്.. പി.ജെ.ജോസഫിന്റെ കൈപിടിച്ചു അരനൂറ്റാണ്ടു മുന്‍പു നടന്നു കയറിയ തറവാട്ടില്‍ നിന്നും ഡോക്ടറുടെ അവസാനത്തെ മടക്കം നേതാക്കളെയു പാര്‍ട്ടി പ്രവര്‍ത്തകരെയും അടക്കം കണ്ണീരിലാത്തി . ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഭൗതിക ശരീരം പുറപ്പുഴയിലെ പാലത്തിനാല്‍ വീട്ടിലെത്തിച്ചത്. കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃ നിരയടക്കം ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

പി.ജെ.ജോസഫിന്റെ ഓഫിസ് മുറിക്കു മുന്നില്‍ പൊതുദര്‍ശനം.ഡോ. ശാന്തയെ അവസാനമായി കാണാന്‍ വൈകുന്നേരം തുടങ്ങിയ ജനത്തിരക്ക് രാത്രി വൈകും വരെ നീണ്ടു. സംസ്‌കാരം ഇന്നു രാവിലെ 11.30നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടന്നു.
മന്ത്രിമാരായ കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍,എംപിമാരായ ഡീന്‍ കുര്യാക്കോസ്, തോമസ് ചാഴികാടന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എംഎല്‍എമാരായ രമേശ് ചെന്നിത്തല,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, മാത്യു കുഴല്‍നാടന്‍, ആന്റണി ജോണ്‍,ടി.ജെ.വിനോദ്, കെ.ബാബു,എ.രാജ, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, പി.സി.ജോര്‍ജ്, ലതികാ സുഭാഷ്, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ സേവേറിയോസ്, ഈസ്റ്റ് കേരള സിഎസ്‌ഐ ബിഷപ് റവ. ഡോ. വി.എസ്.ഫ്രാന്‍സിസ്, മുന്‍ ബിഷപ് റവ. ഡോ.കെ.ജി ദാനിയേല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍ പുറപ്പുഴയിലെ വീട്ടിലെത്തി

സംസ്ഥാന മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത പി.ജെ.ജോസഫിന്റെ ‘ഹോം മിനിസ്റ്ററാ’യിരുന്നു ഡോ.ശാന്ത. പൊതുപ്രവര്‍ത്തനം, ജൈവ കൃഷി, ക്ഷീര കൃഷി, പാട്ട്, ഗാനമേള തുടങ്ങി തിരക്കുകളുടെ പൊടിപൂരത്തിനിടയിലും തന്നെ വാടാതെ കാത്ത മാനേജരെന്നു ഡോ. ശാന്തയെ വിശേഷിപ്പിച്ചതു പി.ജെ.ജോസഫ് തന്നെയാണ്.പുറപ്പുഴ പഞ്ചായത്തിലെ വയറ്റാട്ടില്‍ പാലത്തിനാലില്‍ തറവാടിന് ഇരുനൂറില്‍പ്പരം വര്‍ഷത്തെ ചരിത്രമുണ്ട്. അവിടേക്ക് 52 വര്‍ഷം മുന്‍പാണു ഡോ.ശാന്ത എത്തുന്നത്. പുറപ്പുഴയിലെ വീട്ടിലെ ധനകാര്യമന്ത്രിയും ശാന്ത തന്നെയായിരുന്നു.വീട്ടിലെ സാമ്പത്തിക ഇടപാടുകള്‍, ജോലിക്കാര്‍ എവിടെ പോകണം, എന്തു ചെയ്യണം.എല്ലാം ശാന്ത ഡോക്ടര്‍ പറഞ്ഞു കൊടുക്കും.നാലേക്കര്‍ സ്ഥലത്തു നിറഞ്ഞു നില്‍ക്കുന്ന പാലത്തിനാലില്‍ വീടിനെ പലതവണ വീശിയ രാഷ്ട്രീയ കൊടുങ്കാറ്റില്‍ ഇടറാതെ ശാന്തമായി ചേര്‍ത്തു നിര്‍ത്തിയ ഗൃഹനാഥയും ഡോ.ശാന്തയായിരുന്നു. രാഷ്ട്രീയ വേദികളില്‍ എത്താത്ത ഉപദേശക കൂടിയായിരുന്നു ഡോക്ടര്‍ ശാന്ത. തന്റെ പഴ്‌സനല്‍ നമ്പര്‍ ചോദിച്ചവര്‍ക്കു പി.ജെ.ജോസഫ് കൊടുത്തിരുന്ന നമ്പറില്‍ മിക്കപ്പോഴുമുണ്ടാകുക ഡോ.ശാന്തയായിരുന്നു.പിജെയിലേക്കുള്ള എളുപ്പവഴിയും പിജെയുടെ പഴ്‌സനല്‍ നമ്പറുമായിരുന്നു ഡോ.ശാന്ത. തൊടുപുഴയിലെ കാര്‍ഷിക മേള അല്ലാതെ ജോസഫിനൊപ്പം രാഷ്ട്രീയ വേദികളില്‍ ഒരിക്കലും ഡോ. ശാന്ത എത്തിയിരുന്നില്ല.രാവിലെ ഒന്നിച്ചുള്ള പത്രവായനയില്‍ തുടങ്ങുന്നതാണ് ആ ബന്ധം. വാര്‍ത്തകള്‍ പിജെയുടെ ശ്രദ്ധയില്‍ പെടുത്തുന്നതു മുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ആരംഭിക്കും. പ്രധാന തീരുമാനങ്ങള്‍ ജോസഫ് എന്നും ഡോ. ശാന്തയുമായി സംസാരിച്ചിരുന്നു. ഒരിക്കലും മന്ത്രി പത്‌നിയായി തിരുവനന്തപുരത്തേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നില്ല. ഡോ. ശാന്തയും പി.ജെ.ജോസഫുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാതിരുന്നിട്ടില്ല.എങ്കിലും പിജെയുടെ എല്ലാ സ്വപനങ്ങളിലും എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നു.ഡോ. ശാന്ത അന്ത്യയാത്ര ചോദിക്കുമ്പോള്‍ പി ജെ ജോസഫ് എന്ന വടവൃക്ഷത്തിന്റെ തായ് വേരു കൂടിയാണ് ഇല്ലാതാകുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version