Home LOCAL NEWS IDUKKI പദ്ധതി വിഹിതം പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കണം : ജില്ലാ കലക്ടര്‍

പദ്ധതി വിഹിതം പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കണം : ജില്ലാ കലക്ടര്‍

ഇടുക്കി:2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തിന് രണ്ട് മാസങ്ങള്‍ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാല്‍ എല്ലാ വകുപ്പുകളും പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, വകുപ്പ് അടിസ്ഥാനത്തില്‍ ലഭ്യമായ സംസ്ഥാന-കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ചെലവ് വിവരങ്ങള്‍ പ്ലാന്‍ സ്‌പേസ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

ഗ്രാമപഞ്ചായത്ത് വികസന പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള മിഷന്‍ അന്ത്യോദയ സര്‍വ്വേ 2022 ഫെബ്രുവരിയില്‍ സംസ്ഥാനത്ത് നടത്തുന്നതിന് ഉത്തരവായ സാഹചര്യത്തില്‍ എല്ലാ വകുപ്പുകളില്‍ നിന്നും വിവരശേഖരണം നടത്തി മൊബൈല്‍ ആപ് വഴി ഡാറ്റ അപ് ലോഡ് ചെയ്യേണ്ടതുണ്ടെന്നും സര്‍വ്വേയുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ഏകോപനവും സഹകരണവും ഉണ്ടാകണം. വിവരശേഖരണത്തിനായി സാമ്പത്തിക സ്ഥിതിവിവര കണക്ക് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ (ക്ലസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍) സമീപിക്കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ സാമ്പത്തിക സ്ഥിതി വിവരകണക്ക് അറിയിച്ചു.

പന്നിയാര്‍ എസ്റ്റേറ്റിന് സമീപം കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണെന്നും അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും കുളമാവ് ഡാമിനോട് സമീപം കെ.എസ്.ഇ.ബി സ്ഥാപിച്ചിരിക്കുന്ന വേലി പൊതുമരാമത്ത് റോഡില്‍ നിന്നും 3 മീറ്റര്‍ മാറിയാണോ സ്ഥാപിച്ചിട്ടുള്ളതെന്ന് പരിശോധിക്കണം. തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള റോഡിന് സ്ഥലം വിട്ട് കിട്ടുന്നത് സംബന്ധിച്ച നടപടി ത്വരിതഗതിയിലാക്കണം. കുരുവിളാസിറ്റി, എസ്റ്റേറ്റ് പൂപ്പാറ എന്നിവിടങ്ങിലെ വാട്ടര്‍ കണക്ഷന്‍ റദ്ദ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ഇന്‍ ചാര്‍ജ്) ഉഷാ കുമാരി മോഹന്‍കുമാര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സബ് കളക്ടര്‍മാരായ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ഡോ.അരുണ്‍ എസ് നായര്‍, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ.സാബു വര്‍ഗ്ഗീസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version