തൊടുപുഴ: അനധികൃതമായി പണമിടപാട് നടത്തി വന്ന വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒട്ടേറെ രേഖകള്‍ കണ്ടെടുത്തു.സംഭവത്തില്‍ വീട്ടുടമ തൊടുപുഴ മുതലക്കോടം പഴുക്കാകുളം കൊച്ചുപറമ്പില്‍ ജോര്‍ജ് അഗസ്റ്റിനെ ഡിവൈഎസ്പി എം.ആര്.മധു ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ജോര്‍ജിന്റെ സഹോദരന്മാരായ ടൈറ്റസ്, ബെന്നി എന്നിവരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി.
രണ്ടിടങ്ങളില്‍ നിന്നായി കണക്കില്‍പ്പെടാത്ത അഞ്ചര ലക്ഷത്തോളം രൂപ, നിരവധി ആധാരങ്ങള്‍, വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍, താക്കോലുകള്‍, പാസ്പോര്‍ട്ട്, ചെക്ക് ലീഫുകള്‍, മ്ലാവിന്കൊമ്പിന്റെ ഭാഗം എന്നിവ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തിയ രേഖകളാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കടക്കെണിയില്‍പ്പെട്ട് മൂന്നംഗ കുടുംബം ജീവനൊടുക്കാന്‍ ശ്രമിക്കുകയും വീട്ടമ്മ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അമിത പലിശക്കാര്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായിരുന്നു പോലീസ് പരിശോധന.
ലക്ഷങ്ങളുടെ ഇടപാട് സംബന്ധിച്ച രേഖകള്‍ സാധാരണക്കാരായ ആളുകളില്‍നിന്ന് ആധാരത്തിന്റെ പകര്‍പ്പുകള്‍,പ്രോമിസറി നോട്ട്,ബാങ്ക് ചെക്കുകള്‍,വാഹനങ്ങളുടെ ആര്‍സി ബുക്ക്, താക്കോല്‍ എന്നിവ വാങ്ങി അമിത പലിശയ്ക്ക് പണം കൊടുക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ജോര്‍ജിന്റെ വീട്ടില്‍ നിന്ന് 45000 രൂപ, തുകയെഴുതാതെ ഒപ്പിട്ട 49 ബ്ലാങ്ക് ചെക്കുകള്‍, ഒരു ചെക്ക്ബുക്ക്, 40 വാഹനങ്ങളുടെ ഒറിജിനല്‍ ആര്‍സി ബുക്ക്, ഒരാളുടെ പാസ്പോര്‍ട്ട്, ഇടപാടുകാരുടെ വസ്തുക്കളുടെ 15 ഒറിജിനല്‍ ആധാരങ്ങള്‍, ഒപ്പിട്ട 32 ബ്ലാങ്ക് മുദ്രപത്രങ്ങള്‍, 60 പ്രോമിസറി നോട്ട്, ഒരു വാഹന വില്പന ഉടമ്പടി, ഒരു പിസ്റ്റല്‍, മ്ലാവിന്കൊമ്പിന്റെ ഭാഗം, ഇടപാടുകാരുടെ നാല് ഇരുചക്ര വാഹനങ്ങള്‍, ഒരു കാര്‍, എന്നിവ പിടിച്ചെടുത്തു. ജോര്‍ജ് അഗസ്റ്റിന്റെ വീടിന് പിന്നില്‍ നിന്നാണ് വാഹനങ്ങള്‍ കണ്ടെടുത്തത്.
പ്രതിയുടെ സഹോദരന് ടൈറ്റസിന്റെ വീട്ടില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത അഞ്ചുലക്ഷം രൂപ പിടിച്ചെടുത്തത്. പണമിടപാടുകള്‍ ഈ വീടുമായി ബന്ധപ്പെട്ടാണ് നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. മറ്റൊരു സഹോദരന് ബെന്നിയുടെ വീടും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.പിസ്റ്റലും മ്ലാവിന്കൊമ്പും പരിശോധിക്കും.പിസ്റ്റല്‍ ബാലിസ്റ്റിക് വിദഗ്ധര്‍ക്ക് പരിശോധനയ്ക്കായി കൈമാറും. മാന്‍ കൊമ്പ് വനം വകുപ്പിനും കൈമാറി. ഇയാള്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കും.
ജോര്‍ജ് അഗസ്റ്റിനെതിരെ അനധികൃത പണം ഇടപാട് നടത്തല്‍, അമിത പലിശ ഈടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.അമിത പലിശക്കാരെ നേരിടാനുള്ള സംസ്ഥാന വ്യാപകമായ റെയ്ഡിന്റെ ഭാഗമായിരുന്നു പരിശോധന. തൊടുപുഴ, മുട്ടം, കരിങ്കുന്നം, കരിമണ്ണൂര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള വന്‍ പോലീസ് സംഘവും പരിശോധനയില്‍ പങ്കെടുത്തു.എസ്എച്ച്ഒമാരായ സുമേഷ് സുധാകരന്, പ്രിന്‍സ് ജോസഫ്, വി.സി.വിഷ്ണുകുമാര്‍, എസ്.ഐ ബൈജു പി ബാബു എന്നിവര്‍ നേതൃത്വം നല്കി