കൊച്ചി : കടം വാങ്ങി പദ്ധതികള്‍ നടപ്പാക്കിയ ശ്രീലങ്ക നേരിടുന്ന ദുരന്തത്തിലേക്കാണ് കേരളത്തിന്റെ പോക്കെന്നും ആ അപകടം തിരിച്ചറിയാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കഴിയുന്നില്ലെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. രണ്ടാം പിണറായി സര്‍ക്കാരിന്റെ പോക്ക് ശരിയല്ലെന്നും സര്‍ക്കാരിനെ തിരുത്താന്‍ ജനങ്ങള്‍ക്ക് ലഭിച്ച അവസരമാണ് തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയെ വികസനങ്ങളുടെ കേന്ദ്രമാക്കിയത് യു.ഡി.എഫിന്റെ കാലത്താണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊച്ചിയുടെ വികസനത്തിനായി ഒന്നും ചെയ്തില്ല. തൃക്കാക്കരിയില്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നു. വാഗ്ദാനപ്പെരുമഴ മാത്രമാണ് മന്ത്രിമാര്‍ നല്‍കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ വര്‍ഗീയ പ്രീണനത്തിന് ശ്രമിക്കുന്നു. ജാതിയും മതവും തിരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ഉചിതമല്ല. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ യു.ഡി.എഫ് എന്നും ശക്തമായി എതിര്‍ത്തിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തെ വലിയ കടക്കെണിയിലേക്കാണ് ഇടതുസര്‍ക്കാര്‍ തള്ളിവിട്ടത്. ഭരണ സ്തംഭനമാണ് സംസ്ഥാനത്തെന്നും സര്‍ക്കാരിനെതിരായ ജനവിധി തെരഞ്ഞെടുപ്പിലുണ്ടാകും. കെ.റെയില്‍ പദ്ധതി കേരളത്തിന് ബാധ്യതയാകും. കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തവരാണ് രണ്ടുലക്ഷം കോടി ചെലവ് വരുന്ന കെ.റെയില്‍ പദ്ധതിയെ പറ്റിപറയുന്നത്. പരിസ്ഥിതിക്ക് ദോഷകരമായ പദ്ധതികളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പരിസ്ഥിതിക്ക് ദോഷകരമായ എല്ലാ പദ്ധതികളും അടച്ച് പൂട്ടിയിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതിക്കും പരിസ്ഥിക്കും ഭീഷണിയല്ലാത്ത പദ്ധതികളാണ് അനുയോജ്യം. അത്തരം പദ്ധതികള്‍ക്കാണ് യുഡിഎഫ് പ്രാധാന്യം നല്‍കി നടപ്പാക്കിയതെന്നും കുഞ്ഞാലികുട്ടി ചൂണ്ടിക്കാട്ടി.