എടത്വ: തലവടി ഉപജില്ല കേരളാ സ്കൂള്‍ കലോത്സവം 14, 15, 16, 17 തീയതികളില്‍ എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് മേരീസ് ഹൈസ്കൂള്‍, സെന്റ് മേരീസ് എല്‍പിഎസ്, സെന്റ് അലോഷ്യസ് എല്‍പിഎസ് സ്കൂളുകളിൽ നടക്കും.പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ് മാതാ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി
ജോബന്‍ എം. വര്‍ഗ്ഗീസ് തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ എടത്വ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജയചന്ദ്രന് കൈമാറിക്കൊണ്ട് നിര്‍വഹിച്ചു. കലോത്സവ ജനറല്‍ കണ്‍വീനര്‍ മാത്യുക്കുട്ടി വര്‍ഗീസ്, തലവടി എഇഒ :കെ സന്തോഷ് ,വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍, ചെയര്മാന്മാര് എന്നിവര്‍ പങ്കെടുത്തു.
കലോത്സവ ഉദ്ഘാടനം 14ന് ഉച്ചകഴിഞ്ഞ് 2ന് പ്രധാന വേദിയായ അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. 2023ലെ സംസ്ഥാന ഫിലിം അവാര്‍ഡ് ജേതാവ് ഷാഫി കബീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് അധ്യക്ഷത വഹിക്കും. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ മുഖ്യപ്രഭാഷണം നടത്തും. എഇഒ സന്തോഷ് കെ., കണ്‍വീനര്‍ മാത്യുക്കുട്ടി വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും. എടത്വ, തകഴി, മുട്ടാര്‍, തലവടി എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള 41 സ്കൂളുകളിലെ രണ്ടായിരത്തോളം കുരുന്നുകള്‍ മാറ്റുരയ്ക്കും. 17 ന് സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന സമാപന സമ്മേളനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി അധ്യക്ഷത വഹിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ നിര്‍വഹിക്കുമെന്ന് എഇഒ സന്തോഷ് കെ,ജനറൽ കണ്‍വീനര്‍ മാത്യുക്കുട്ടി വര്‍ഗീസ് ,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോസ് വെട്ടിയിൽ എന്നിവർ അറിയിച്ചു.