കരിങ്കുന്നം :വ്യാഴാഴ്ച രാവിലെയാണ് റോഡ് പണിക്ക് ശേഷം കരാറുകാര്‍ അലക്ഷ്യമായി ഉപക്ഷിച്ചു പോയ ടാര്‍ വീപ്പ മറിഞ്ഞ് റോഡില്‍ ഉരുകി പരന്ന ടാറില്‍ അഞ്ചുമാസം പ്രായം വരുന്ന നായ കുരുങ്ങിയത്. രാവിലെ മുതല്‍ ടാറില്‍ കുരുങ്ങിയ നായ വളരെ ദയനീയമായ അവസ്ഥയില്‍ കടുത്ത വെയിലില്‍ വേദനയും പുകച്ചിലും സഹിച്ച് കഴിയുകയായിരുന്നു. ടാറ് മൂടി വായ അടഞ്ഞിരുന്നതിനാല്‍ കരയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.വൈകുന്നേരം സഹതാപം തോന്നിയ വഴിയാത്രക്കാരില്‍ ഒരാളാണ് തൊടുപുഴ ആനിമല്‍ റെസ്‌ക്യൂ ടീമിനെ വിവരമറിയിച്ചത്. ഉടനെ തന്നെ ടീം ലീഡേഴ്‌സായ കീര്‍ത്തി ദാസും മഞ്ജു ഓമനയും സ്ഥത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ടാറില്‍ കൈകാലുകളും വായും അടഞ്ഞു പോയതിനാല്‍ വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ മൂത്രം ഒഴിക്കാനോ സാധിക്കാത്ത വിധം ദയനീയ അവസ്ഥയിലായിരുന്നു നായ.മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നായയെ രക്ഷപെടുത്തി മൃഗാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
ഇടുക്കി അനിമല്‍ റെസ്റ്റ് ടീം മെമ്പര്‍മാരായ കീര്‍ത്തി ദാസ്, മഞ്ജു ഓമന, മഹേഷ് ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ധാരാളം യാത്രക്കാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കടന്നു പോകുന്ന മെയില്‍ റോഡിലാണ്അപകടകരമാം വിധം പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അനാസ്ഥ മൂലം ടാര്‍ ഒഴുകി പടര്‍ന്നിരുന്നത്. എത്രയും വേഗം ടാര്‍ നീക്കം ചെയ്ത് റോഡ് വൃത്തിയാക്കണമെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കാനെത്തിയ നാട്ടുകാരുടെ ആവശ്യം.