ഇടുക്കി: സുഭിക്ഷ കേരളം പദ്ധതിയില്‍ പച്ചകൃഷി ഉല്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കൃഷി ഭവന്റെ സഹകരണത്തോടെ ഇടുക്കി ജില്ലാ പോലീസ് ക്യാമ്പ് വളപ്പിലെ കൃഷി വിളവെടുപ്പ് ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് നിര്‍വ്വഹിച്ചു.
തരിശ് നിലം കൃഷിയോഗ്യമാക്കി പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കുക, സ്വയം പര്യപ്തത നേടുക, ജൈവ വള പ്രയോഗം പ്രോത്സാഹിപ്പിക്കുക, രാസ കീടനാശിനി ഉപയോഗം നിരുത്സാഹപ്പെടുത്തുക, പോലീസുകാര്‍ക്ക് ജോലിയുടെ സമ്മര്‍ദ്ദം ലഘൂകരിക്കുക എന്നതും കൂടി ലക്ഷ്യമിട്ടാണ് ക്യാമ്പ് വളപ്പില്‍ കൃഷി ആരംഭിച്ചത്. 50 സെന്റ് സ്ഥലത്ത് 39 ഇനം പച്ചക്കറികളും ഫലങ്ങളുമാണ് കൃഷി ചെയ്തിട്ടുള്ളത്.
വന്യ മൃഗങ്ങളുടെ ആക്രമണം തടയുന്നതിന് വേലി കെട്ടിയും, കീടങ്ങളുടെ ആക്രമണം തടയുന്നതിന് പുഷ്പ സസ്യങ്ങളുടെ ജൈവ വേലിതീര്ത്തുമാണ് പോലീസുകാര്‍ കൃഷി സംരക്ഷിക്കുന്നത്. പണിയും പണച്ചെലവും കുറയ്ക്കുന്നതിന് മൈക്രൊ മിസ്റ്റ് ജലസേചന രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. പോലീസിന്റെ മെസ്സിലേക്കാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഏടുക്കുന്നത്. പച്ചക്കറി കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള പോലീസുകാരെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ച ഒന്നും രണ്ടും സ്ഥാനങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് കൃഷിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പുതിന, റോബസ്റ്റ, പാവല്‍, തക്കാളി, കുട്ടിതക്കളി, ചതുരപ്പയര്‍, ബന്ദി മഞ്ഞ, ബന്ദി ഓറഞ്ച്, ജമന്ദി ഓറഞ്ച്, ജമന്ദി മഞ്ഞ, ഉരുളക്കിഴങ്ങ്, പടവലം, കണി വെള്ളരി, ചീര പച്ച, ചീര റോസ്, ചീര ചുവപ്പ്, ചോളം, കടല, പച്ചമുളക്, പച്ചമുളക് മാലി, കപ്പ, പയര്‍, കാബേജ്, കോളിഫ്ലവര്‍, കോളിഫ്ലവര്‍ ചൈനീസ്, മല്ലിയില, കടുക്, പപ്പായ, പേര, ചെറുനാരകം, സവാള, റമ്പൂട്ടാന്‍, മാവ്, വഴുതന പച്ച, വഴുതന വയലറ്റ്, ബീന്‍സ് കുറ്റി, ബീന്‍സ് വള്ളി, കാന്താരി, ഇഞ്ചി എന്നിവയാണ് സായുധ സേന ക്യാമ്പില്‍ കൃഷി ചെയ്തു വരുന്ന പച്ചക്കറികളും ഫല വൃക്ഷങ്ങളും.