കൊച്ചി : ഗവർണറുടെ അന്ത്യശാസനത്തിനു തല്ക്കാലിക തിരിച്ചടി. ഗവർണർ രാജി ആവശ്യപ്പെട്ട 9 വൈസ് ചാൻസിലർമാർക്കും തൽക്കാലം തുടരാമെന്ന് ഹൈക്കോടതി. തിങ്കളാഴ്ച രാവിലെ 11.30 ന് അകം രാജിവയക്കണമെന്ന ഗവർണറുടെ നിർദ്ദേശം ചോദ്യം ചെയ്ത് വൈസ് ചാൻസിലർ മാർ കോടതിയിലെത്തിയതോടെയാണ് ആശ്വാസ വിധി ലഭ്യമായത്. കേസ് കോടതി ഇന്നു പരിഗണയിലെടുത്തതോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി ഇന്നു രാജിയെന്ന ആവശ്യത്തിൽനിന്നു ഗവർണർ പിന്മാറിയതും ശ്രദ്ദേയമായിരുന്നു. കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിവരം ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയച്ചതോടെയാണ് വി.സി. മാരുടെ വിശദീകരണം കേട്ട് നടപടിയെടുക്കണമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. രാജി ആവശ്യപ്പെട്ട് വിസിമാർക്ക് കത്തയച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു. വിസി നിയമനങ്ങൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു.
സർവ്വകലാശാല വൈസ് ചാൻസലർമാർ രാജിവെക്കണമെന്ന ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ നാല് മണിയോടെയാണ് പ്രത്യേക സിറ്റിങ്ങിൽ പരിഗണിച്ചത്.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല,കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രിംകോടതി റദ്ദാക്കിയ കാരണം ചൂണ്ടികാണിച്ചാണ് ഗവർണർ മറ്റു വൈസ്ചാൻസിലറൻമാരുടെ രാജി ആവശ്യപ്പെട്ടത്. ഇത് ്അംഗീകരിക്കാൻ തയ്യാറാവാതെ അവധി ദിവസമായിട്ടും കോടതിയെ സമീപിക്കുകയായിരുന്നു വൈസ്ചാൻസിലർമാർ. ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയും ഭരണകക്ഷിയും ശക്തമായി രംഗത്തുവരുകയും സംഘ്പരിവാർ അജണ്ട നടപ്പിലാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് ആരോപിച്ച്്് പ്രശ്‌നം രാഷ്ട്രീയ വിവാദവുമായിരിക്കെയാണ്
നിയമയുദ്ധവും ആരംഭിച്ചിരിക്കുന്നത്.