കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കൊലപ്പെട്ട ആറു പേരില്‍ നാലു പേരുടെ മൃതദേഹത്തില്‍ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നു ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറിയില്‍ പരിശോധന ഫലം. 2020 ല്‍ കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഇതേ കണ്ടെത്തല്‍ ഉണ്ടായിരുന്നു.
കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ആദ്യ ഭര്‍ത്താവ് റോയിയുടെ പിതാവ് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹങ്ങളിലാണു വിഷസാന്നിധ്യമില്ലെന്നു കണ്ടെത്തിയത്. റോയ് തോമസ്,സിലി ഷാജു എന്നിവരുടെ മരണകാരണം സയനൈഡ് ആണെന്നതിനു ശാസ്ത്രീയ തെളിവ് നേരത്തേ ലഭിച്ചിരുന്നു.
കൂടത്തായിയില്‍ കൊല്ലപ്പെട്ടവരില്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
സയനൈഡ് ഉള്ളില്‍ ചെന്നതാണു മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ 2020 ജനുവരിയില്‍ കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധിച്ചെങ്കിലും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മൃതദേഹ സാംപിളില്‍ മാത്രമാണു സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.തുടര്‍ന്ന് മറ്റു 4 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.