മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി (എംസിഎസ് ആശുപത്രി)യിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയരായവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഇതുവരെ അസ്ഥി രോഗവിഭാഗത്തിൽ നടത്തിയ 18 മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രീയയും വിജയകരമായിരുന്നു. ശസ്ത്രക്രീയയ്ക്ക് വിധേയരായ70 വയസ് കഴിഞ്ഞ മാറാടി സ്വദേശിനി കൗസല്യ തങ്കപ്പൻ, കോതമംഗലം സ്വദേശിനി ചിന്നമ്മ വർഗീസ്, 60 കഴിഞ്ഞ മൂവാറ്റുപുഴ പുളിഞ്ചോട് സ്വദേശി മജീദ്, മുളവൂർ സ്വദേശിനി മോളി വർഗീസ്, മേക്കടമ്പ് സ്വദേശിനി ബീന തുടങ്ങിയവർ അനുഭവങ്ങൾ പങ്ക് വച്ചു.മൂന്ന് വർഷം പിന്നിട്ട അസ്ഥിരോഗ വിഭാഗത്തിലെ മുൻ ഡോക്ടർ കെ സുദീപാണ് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടത്.ഡോ. നിഖിൽ ജോസഫ് മാർട്ടിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ശസ്ത്രക്രീയകൾ. കായിക താരങ്ങൾക്ക് അസ്ഥിസംബന്ധമായ ചികിത്സകളുമുണ്ട്.
അത്യാധുനിക സംവിധാനങ്ങളുള്ള അസ്ഥിരോഗ വിഭാഗത്തിൽ ലാമിനാർ ഫ്ലോ തീയറ്റർ ഇതിനായി ഉപയോഗിയ്ക്കുന്നു. അസ്ഥിരോഗ വിദഗ്ദരുടെ കൂട്ടായ പരിശ്രമവും പരിചരണവുമാണ് ശസ്ത്രക്രീയകൾ വിജയിയ്ക്കാൻ കാരണമെന്ന് ആശുപത്രി സെക്രട്ടറി എം എ സഹീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡോ. നിഖിൽ ജോസഫ് മാർട്ടിൻ,അഡ്മിനിസ്ട്രേറ്റർ ഡോ.തോമസ് മാത്യു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.