ഏപ്രിൽ 26 ന് റിലീസ് ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രമായ ജനഗണമനയുടെ ട്രെയ്‌ലർ പുറത്തിറക്കി. എറണാകുളം വനിതാ തിയേറ്ററിൽ നട്ട ചടങ്ങിൽ നടൻ പൃഥ്വിരാജ്, സംവിധായകൻ ഡിജോ ജോസ്, തിരക്കഥാകൃത്ത് ഷരിസ് മുഹമ്മദ്, ഛായാഗ്രാഹകൻ സുദീപ് ഇളമൺ, സഹ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത ടീസറിനു സമാനമായി പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തി തന്നെയാണ് ട്രെയിലറും അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ ആണ് ജനഗണമന എന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാൽ വോട്ടും നിരോധിക്കും, ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ,’ എന്ന ഡയലോഗാണ് ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ ചർച്ചയാകുന്നത്
ക്വീനിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് മമ്ത മോഹൻദാസ്, വിൻസി അലോഷ്യസ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്നു. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജയിലിലാവുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലമെന്ന് നേരത്തെ പുറത്തിറങ്ങിയ ടീസർ സൂചിപ്പിച്ചിരുന്നു. ട്രെയിലറിലെ ബ്‌ളാസ്റ്റ് ഉൾപ്പെടെയുള്ള ഷോട്ടുകൾ യഥാർത്ഥമായി ചിത്രീകരിച്ചതാണെന്നും സിനിമയിലടനീളം അത്തരം ഉദ്വേഗജനകമായ രംഗങ്ങൾ ഉണ്ടാകുമെന്നുെം സംവിധായകൻ ഡിജോ പറഞ്ഞു.
പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷരിസ് മുഹമ്മദാണ്. സുദീപ് ഇളമൺ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീതവും നിർവഹിക്കുന്നു.