തൊടുപുഴ: ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ദിനാഘോഷം മീന്മുട്ടി പള്ളി പാരിഷ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ തൊടുപുഴ ബ്ലോക്ക് ബി.ഡി.ഒ ജയന് വി.ജി പദ്ധതി അവതരണം നടത്തി.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം രാജ്യത്ത് നിലവില്‍ വന്നത് 2006 ഫെബ്രുവരി 2 നാണ്. ഇതിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഈ സാമ്പത്തിക വര്‍ഷം 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ അംഗങ്ങളെയും, മുതിര്‍ന്ന തൊഴിലാളികളെയും യോഗത്തില്‍ ആദരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ കലാ മത്സരങ്ങളും അരങ്ങേറി. വ്യക്തിഗത വിഭാഗ മത്സരങ്ങളില്‍ യശോദ ശശിയും, അന്നമ്മയും സമ്മാനര്‍ഹരായി. മത്സര വിജയികള്‍ക്ക് യോഗത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുനി സാബു, ഇ.കെ. അജിനാസ്, സ്ഥിരം സമിതി അദ്ധ്യക്ഷ മോളി ബിജു, മെമ്പര്‍മാരായ സുജാത ശിവന്, സുബൈദ അനസ്, താഹിറ അമീര്‍, സൂസി റോയ്, അസീസ് ഇല്ലിക്കല്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ വി.എസ് അബ്ബാസ്, പ്രണവം ലൈബ്രറി പ്രസിഡന്റ് ടി.സി. ജോസ് എന്നിവര്‍ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷ ബിന്‍സി മാര്ട്ടിന് സ്വാഗതവും, പഞ്ചായത്ത് എ.ഇ ഫര്‍സ സലിം കൃതജ്ഞതയും പറഞ്ഞു. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി നിരവധി പേര് പരിപാടിയില്‍ സന്നിഹിതരായിരുന്നു.