ഹരിയാനയിൽ ബിജെപിക്ക് ഭീഷണി ഉയർത്തി ഗുസ്തിതാരങ്ങൾ. വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസ് സ്ഥാനാർഥികളാകുമെന്ന് റിപ്പോർട്ട്. ഇരുവരും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. കോൺഗ്രസ് സ്ഥാനാർഥികളായി ജുലാന സീറ്റിൽ വിനേഷ് ഫോഗട്ടും, ബജ്റംഗ് പുനിയ ബാഡ്ലി സീറ്റിലും ജനവിധി തേടുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു.
വിനേഷ് ഫോഗട്ട് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി നേരത്തെ ചർച്ചകൾ ഉയർന്നിരുന്നു. ഇവരെ കോൺഗ്രസ് ഔദ്യോഗികമായി പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പാരീസ ഒളിമ്പിക്സിന് ശേഷം ഹരിയാനയിലെത്തിയ താരത്തിന് കോൺഗ്രസ് നേതാവും എം.പിയുമായ ദീപേന്ദ്ര ഹൂഡയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്.
ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ പ്രതിഷേധത്തിന്റെ മുൻനിരയിൽ പോരാടിയ താരങ്ങൾ സ്ഥാനാർഥികളാകുന്നത് കോൺഗ്രസിനു ഹരിയാനയിൽ വലിയ നേട്ടമാണ്. ദേശീയ തലത്തിലും
ഇത് പ്രതിഫലിക്കും. എഎപി -കോൺഗ്രസ് ധാരണകൂടി ഉറപ്പാക്കിയാൽ ബിജെപിയെ ഹരിയാനയിൽനിന്നു തൂത്തെറിയാൻ സാധിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായാണ് ഹരിയാണയിൽ തിരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ. ഒക്ടോബർ ഒന്നിന് നടത്താനിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബി.ജെ.പി.യുടെ ആവശ്യത്തിനുപിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റുകയായിരുന്നു. ബിഷ്ണോയ് വിശ്വാസ സമൂഹത്തിന്റെ ഉത്സവകാലം പരിഗണിച്ചാണ് തീയതി മാറ്റിയതെന്ന് കമ്മിഷൻ അറിയിച്ചു.