സ്വാതന്ത്യദിനത്തിൽ ജനിച്ച ശോശാമ്മക്ക് മാതൃവിദ്യാലയത്തിൽ ആദരവ് .
കൊല്ലം: 74 വർഷം മുൻപ് 1947 ആഗസ്റ്റ് 15 ന് ജനിച്ച ശോശാമ്മയ്ക്ക് ഇന്ന് ഇരട്ടിമധുരം . തേവലക്കര ആറ്റുപുറത്ത് വല്ല്യയ്യത്ത് വീട്ടിൽ തോമസിന്റെയും , സാറാമ്മയുടെ രണ്ടാമത്തെ മകളായിട്ടാണ് ശോശാമ്മയുടെ ജനനം. പട്ടിണിയും, പരവട്ടും തിങ്ങി നിറഞ്ഞ ബാല്യകാലത്ത് ഒന്നാം ക്ലാസ് മുതൽ 5 ക്ലാസ് വരെ പഠിച്ചിരുന്നത് വീടിന് സമീപമുള്ള പാലവിള സ്കൂളിലായിരുന്നു. സ്വാതന്ത്യദിനത്തിലാണ് തന്റെ ജനനദിവസമെന്ന് അറിയാൻ കാരണം മൂത്ത സഹോദരൻ ചെറുപ്പത്തിലെ പറഞ്ഞ് കൊടുത്തിരുന്നു. നീ ഇന്ത്യക്ക് സ്വാതന്ത്ര്യ കിട്ടിയ ദിവസമാ ജനിച്ചത് എന്ന് മരിക്കും വരെ മറക്കരുത് ഈ ദിനം . ഈ 75-ാം വയസിലും തന്റെ ജനന തീയതി എവിടെയും അഭിമാനത്തോടെ ശോശാമ്മ പറയും. പട്ടിണിയുടെ നാളുകൾ ആയിരുന്നു സ്കൂൾ പഠനകാലം. അപ്പനും അമ്മയും , ജോലി ചെയ്തിരുന്ന വീടുകളിൽ ഉച്ച സമയത്ത് എത്തി അവരോടൊപ്പം ഭക്ഷണം കഴിച്ചാണ് ചെറുപ്പകാലം തള്ളി നീക്കിയിരുന്നത്. പാലവിള സ്കൂൾ പഠനകാലത്ത് അദ്ധ്യാപകരിൽ നിന്നും സ്വാതന്ത്യക്കാരി എന്ന ഓമന പേരും ലഭിക്കുകയുണ്ടായി. തുടർന്ന് തേവലക്കര ഹൈസ്കൂളിൽ അന്നത്തെ ഫസ്റ്റും, സെക്കന്റും ക്ലാസിൽ (ഇന്നത്തെ ഏഴാം ക്ലാസ്സ് ) പഠിച്ചു. പതിനേഴാമത്തെ വയസിൽ കുന്നത്തൂർ പോരുവഴി തൊളിയ്ക്കൽ സ്വദേശി കുഞ്ഞച്ചനുമായി വിവാഹം. തുടർന്ന് രണ്ട് വർഷത്തിനുള്ളിൽ ഭരണിക്കാവ് പുന്നമൂട് ,പൊയിലക്കട കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളിയായി. നാല് പതിറ്റാണ്ട് കാലം മൂന്ന് കശുവണ്ടി ഫാക്ടറികളിലായി ജോലി ചെയ്തു. വീടിന് സമീപമുള്ള ശ്രീ ദുർഗ്ഗാ ഫാക്ടറിയിൽ നിന്ന് വിരമിച്ച ശേഷം കോ വിഡ് മഹാമാരിയുടെ കാലം വരെ ലോട്ടറി തൊഴിലാളിയായി. കരയിലും പാടത്തും ഒരുപോലെ ജോലി ചെയ്തു, തൊഴിൽ ഇല്ലാത്ത ദിനങ്ങളിൽ വയലോലകളിൽ നിന്ന് പുല്ലറത്ത് ചന്തയിൽ കൊണ്ട് പോയി വിറ്റും കുടുംബം പുലർത്താൻ പാട് പെട്ട ദാരിദ്ര്യം നിറഞ്ഞ ജീവിതം ഇന്നും ശോശാമ്മ മറന്നിട്ടില്ല. സ്വാതന്ത്യാനന്തര ഭാരതം പണ്ഡിറ്റ് നെഹ്റുവിന്റെയും , ഇന്ദിരാഗാന്ധിയുടെ ഭരണoവിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ വൻ കുതിച്ച് ചാട്ടമാണ് നടത്തിയതെന്നും, ബ്രിട്ടിഷ് കാരുടെ അടിമത്വത്തിൽ നിന്നും ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് മഹാത്മജി യാണെന്നും ശോശാമ്മ തറപ്പിച്ച് പറയും. താൻ പഠിച്ച പാലവിള സ്കൂളിൽ ഇന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ശോശാമ്മയെ സ്കൂൾ പി.ടി.ഏ. കമ്മിറ്റി ആദരിക്കും.