ലഖ്നോ: മുൻ എംപിയും ക്രിമിനൽ കേസിൽ ജയിലിൽ കഴിയുന്ന ആതിഖ് അഹമ്മദിന്റെ മകൻ അസദ് ഉൾപ്പെടെ രണ്ടുപേരെ യുപി പോലിസ് വെടിവച്ച് കൊന്നു. ഝാൻസിയിൽ വച്ചാണ് അസദ് ആതിഖ് അഹമ്മദ്, ഗുലാം എന്നിവരെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്(എസ് ടി എഫ്) വെടിവച്ചു കൊന്നത്. ഇരുവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നുവെന്നും ആധുനിക ആയുധങ്ങൾ കണ്ടെടുത്തുവെന്നുമാണ് പോലീസ്.
ബിഎസ്പി എംഎൽഎ രാജു പാൽ കൊല്ലപ്പെട്ട കേസിൽ സാക്ഷിയായ ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട് ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ സബർമതി ജയിലിൽനിന്ന് പ്രയാഗ്രാജിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്(സിജെഎം) കോടതിയിൽ ഹാജരാക്കാൻ വ്യാഴാഴ്ച ് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് മകൻ പോലിസ് വെടിയേറ്റ് മരിച്ചത്. ഡെപ്യൂട്ടി എസ്പിമാരായ നവേന്ദു, വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് സംഘമാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
താനും കുടുംബാംഗങ്ങളും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ആതിഖ് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹരജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി ഹൈകോടതിയെ സമീപിക്കാനാണ് നിർദേശിച്ചത്. ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് തന്നെ യുപിയിലെ ജയിലിലേക്ക് മാറ്റുന്നത് കൊല്ലാനാണെന്നും അതിനാൽ ജയിൽ മാറ്റം തടയണമെന്നും ആതിഖ് നൽകിയ ഹരജിയാണ് സുപ്രിംകോടതി ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട് തള്ളിയിരുന്നത്.
ഉത്തർപ്രദേശ് മുൻ എംഎൽഎയും ലോക്സഭാംഗവുമായിരുന്നു. 2005ലാണ് ബിഎസ്പി എംഎൽഎ രാജു പാൽ കൊല്ലപ്പെട്ടത്. ഉമേഷ് പാൽ ഈ വർഷം ഫെബ്രുവരി 24ന് പ്രയാഗ്രാജിലെ വസതിക്ക് പുറത്ത് വെടിയേറ്റ് മരിക്കുകയായിരുന്നു. ഉമേഷ് പാലിന്റെ ഭാര്യ ജയപാൽ നൽകിയ പരാതിയിൽ ആതിഖ് അഹമ്മദ് അടക്കം 16 പേർക്കെതിരെ കേസെടുത്തിരുന്നു.
എന്നാൽ ഏറ്റുമുട്ടൽ വ്യാജമാണെന്നു ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. കുറ്റപ്പെടുത്തി. ബി.ജെ.പി സർക്കാർ കോടതിയിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.