മൂവാറ്റുപുഴ: വയോജനങ്ങളോടുള്ള പീഡനങ്ങൾ തടയുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും സംസ്ഥാനത്ത് വയോജനകമ്മീഷൻ തുടങ്ങുന്നതിന് ആലോചിയ്ക്കുന്നതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. നിലവിലുള്ള മെയിന്റനൻസ് ട്രിബ്യൂണലുകൾ കൂടാതെയാണിത് വയോജന കമ്മീഷൻ രൂപീകരിക്കാൻ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മഞ്ഞള്ളൂർ പഞ്ചായത്തിൽ വാഴക്കുളത്ത് നിർമ്മിച്ച സായന്തനം വയോജന പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വയോജനങ്ങൾക്ക് സന്തോഷ പ്രദമായ ജീവിതാന്തരീക്ഷം ഒരുക്കാൻ സർക്കാരും സമൂഹവും പദ്ധതികൾ ഏറ്റെടുക്കുന്നു. ‘തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ” എന്ന സന്ദേശം നല്കുന്നതാണിത്. ഹോംനേഴ്‌സുമാർക്കുമുൾപ്പെടെ ശാസ്ത്രീയ സുരക്ഷ സംവിധാനമൊരുക്കി വയോജനങ്ങളെ സംരക്ഷിയ്ക്കും. വയോജനങ്ങളുടെ കർമ്മശേഷി സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിന് വയോജന ക്ലബ്ബ് തുടങ്ങുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് നിർദ്ദേശിയ്ക്കുമെന്നും മന്ത്രി വിശദീകരിച്ചു.
യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡൻറ് ആൻസി ജോസ്, വൈസ് പ്രസിഡന്റ് ടോമി തന്നിട്ടമാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസിജോളി, കെ ജി രാധാകൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു ഗോപി, രതീഷ് മോഹൻ, ജാസ്മിൻ റെജി, വാർഡ് മെമ്പർ ജോസ് മാത്യു കൊട്ടുകപ്പിള്ളി എന്നിവർ സംസാരിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്്് 2020 നവംമ്പറിൽ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് പാർക്ക് നിർമ്മാണത്തിനു ശിലയിട്ടത്.