റിനു തലവടി
എടത്വ: ഭാരത സര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പ് രാജ്യത്തെ 6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനും നവീനമായ ആശയങ്ങള്‍ രൂപീകരിച്ച് സാക്ഷാല്‍ക്കരിക്കുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്ന ഇന്‍സ്‌പെയര്‍ അവാര്‍ഡ്-മാനക്, സംസ്ഥാനതലത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച പ്രദര്‍ശന മല്‍സരത്തില്‍ എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അസിന്‍ ജോമോന്‍ ശബ്ദനിയന്ത്രിത വീല്‍ചെയര്‍ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ച് ദേശീയ മല്‍സരത്തിന് അര്‍ഹത നേടി. 85 കുട്ടികളാണ് സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുത്തത്. അസിന്‍ ജോമോന്‍ അടക്കം 8 കുട്ടികള്‍ ദേശീയ മല്‍സരത്തിന് അര്‍ഹത നേടി. പ്രോഗ്രാം ചെയ്യാന്‍ കഴിയുന്ന ആഡ്വിനോ-യൂനോ ബോര്‍ഡുകള്‍ ഉപയോഗിച്ചാണ് വീല്‍ചെയര്‍ നിര്‍മ്മിച്ചത്. കോവിഡ് കാലത്ത് സെന്റ് അലോഷ്യസ് സ്‌കൂളിന്റെ നേതൃത്വത്തില്‍ മൊബൈലിനെ സൃഷ്ടിപരമായി ഉപയോഗിക്കുന്നതിനുള്ള പരിശീലന പരിപാടിയായ സ്റ്റുഡന്റ്പ്രൂണറില്‍ പങ്കെടുത്തതാണ് അസിന്‍ ജോമോന്റെ പ്രതിഭയെ തേച്ചുമിനിക്കിയത്. ഇതിലൂടെ വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകളും കോഡിംഗും അഭ്യസിക്കുകയുണ്ടായി. മല്‍സരത്തിന്റെ പ്രാരംഭഘട്ടത്തില്‍ കുട്ടികള്‍ തങ്ങളുടെ ആശയങ്ങള്‍ മാനകുമായി പങ്കുവയ്ക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ക്ക് പതിനായിരം രൂപയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. സ്‌കോളര്‍ഷിപ്പ് തുക ഉപയോഗിച്ചാണ് വീല്‍ചെയര്‍ നിര്‍മ്മിച്ചത്. കൊല്ലത്ത് ഡിസംബറില്‍ നടന്ന ജില്ലാതല മത്സരത്തില്‍ സംസ്ഥാന തലത്തിന് അര്‍ഹത നേടി. അധ്യാപകനായ ജസ്റ്റില്‍ കെ. ജോണിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലായിരുന്നു വീല്‍ചെയറിന്റെ നിര്‍മ്മാണം. ഇതിനാവശ്യമായ ആഡ്വിനോ ബോര്‍ഡുകള്‍ സ്‌കൂള്‍ അടല്‍ ടിങ്കറിംഗ് ലാബില്‍നിന്നും ലഭിച്ചു. വീല്‍ചെയറിന്റെ ഭാഗങ്ങള്‍ കാര്‍ഡ് ബോര്‍ഡും ചെറിയ തടിക്കഷണങ്ങളും ഉപയോഗിച്ച് സ്വയം നിര്‍മ്മിക്കുകയായിരുന്നു. വീല്‍ചെയറിനെ നിയന്ത്രിക്കുന്നതിനാവശ്യമായ ബ്ലൂടൂത്ത് വോയ്‌സ്‌കണ്‍ട്രോള്‍ അപ്പ് ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറില്‍ നിന്നും സംഘടിപ്പിച്ചു. ദേശീയ തലത്തില്‍ വിജയിച്ചാല്‍ 25000 രൂപ കാഷ് പ്രൈസും സംരഭകത്വപരിശീലനവും തുടര്‍സഹായവും ഇന്‍സ്‌പെയര്‍- മാനക് നല്‍കും. വീല്‍ചെയറിന് നാല് ദിശകളിലേക്കും സഞ്ചരിക്കാന്‍ കഴിയും. ചാരുന്ന ഭാഗം നിവര്‍ത്തി കട്ടില്‍പോലെ വിശ്രമിക്കുന്നതിനും കഴിയും.എടത്വ പുന്നാപ്പാടം ജോമോന്‍ മാത്യു- ലൂസിയാമ്മ ജോമോന്‍ ദമ്പതികളുടെ മകനാണ്.