ശബരിമല: മകരവിളക്ക് ഉത്സവത്തിനായി 2022 ഡിസംബർ 30ന് തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം പൂജകൾ പൂർത്തിയാക്കി ജനുവരി 20 ന് രാവിലെ ആറ് മണിക്ക് അടയ്ക്കും.ജനുവരി 19ന് രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂ.20ന് ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുകയില്ല. അതേസമയം, 18 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കുകയുള്ളൂ. തിരുവാഭരണം ചാർത്തിയുള്ള ദർശനവും 18 ന് അവസാനിക്കും. 18 ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്തെ മണിമണ്ഠപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള അയ്യപ്പന്റെ എഴുന്നള്ളത്ത് നടക്കും. 19 ന് അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ചതിനു ശേഷം മാളികപ്പുറം ക്ഷേത്രത്തിൽ ഗുരുതി നടക്കും. 20ന് പുലർച്ചെ അഞ്ച് മണിക്കാണ് തിരുനട തുറക്കുക. അഞ്ചരയോടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിക്കും. ആറിന് നട അടയ്ക്കുന്നതോടെ 2022-’23 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും