കൊച്ചി: വനിത സ്ഥാനാർത്ഥികളെ അവഹേളിച്ച് വോട്ട് തട്ടുന്ന ശൈലിയാണ് സി.പി.എം. തൃക്കാക്കരയിൽ പയറ്റുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. സി.പി.എമ്മുകാർ 52 വെട്ടു വെട്ടി കൊന്ന ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം പരസ്യമായി അവഹേളിച്ചു. അതെ തന്ത്രമാണ് ഉമ തോമസിനെതിരെ പയറ്റുന്നത്.പിണറായി വിജയനും മോഡിയും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. മോഡി നല്ലതെന്ന് വരുത്തി തീർക്കാനാണ് ഭരണം പഠിക്കാനെന്ന പേരിൽ ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ചത്. ഭിന്നിപ്പിച്ച് വിഭജിച്ച് ഭരിക്കുകയെന്ന നയമാണ് മോഡിയും പിണറായിയും പിൻതുടരുന്നതെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.
മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച വോയ്സ് ഓഫ് റലവൻസ് എന്ന സംവാദ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ആത്മാവായ മതേതരത്വം തകർത്ത് നാടിനെ വിഭജിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രമാണ് മോഡിയുടെതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രശസ്ത അഭിഭാഷക ദീപിക സിംഗ് റെജാവത്ത് കുറ്റപ്പെടുത്തി.അതെ നയമാണ് പിണറായിയും തുടരുന്നത്.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും സ്ത്രീകൾ വലിയ തോതിൽ അപമാനിക്കപ്പെടുകയാണ്.
മഹിള കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയ ചോദ്യങ്ങൾക്ക് അവർ ഉത്തരം നൽകി. കത്വവ കേസിലെ സംഭവവികാസങ്ങൾ പുറത്ത് കൊണ്ടുവന്നത് സ്ത്രീ സമൂഹത്തോട് ചെയ്ത നീതിയാണെന്ന് അവർ പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ അധ്യക്ഷത വഹിച്ചു.
മുൻ സംസ്ഥാന പ്രസിഡണ്ട് ബിന്ദുകൃഷ്ണാ, വൈസ് പ്രസിഡണ്ട് ആശാ സനൽ, ജില്ലാ പ്രസിഡണ്ട് മിനിമോൾ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിന് ശേഷം അതിജീവിതയെ സി.പി.എം ആക്ഷേപിക്കുന്നതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് പ്രവർത്തകർ കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടി പാലാരിവട്ടത്ത് പ്രകടനം നടത്തി. ജെബി മേത്തർ,ദീപിക സിംഗ് റെജാവത്ത് എന്നിവർ നേതൃത്വം നൽകി