ഖത്തർ വേൾഡ് കപ്പിൽ പ്രവാസി മലയാളികളുടെ സാന്നിദ്ധ്യം കേരളത്തിനു അഭിമാനിക്കാവുന്ന നിരവധി വാർത്തകളാണ് പുറത്തുവന്നത്. ഇപ്പോൾ ഡെൻമാർക്ക് ടീമിന്റെ പ്ലയർ എക്‌സ്‌കോർട്ടായി ചുമതല വഹിക്കുന്ന മൂവാറ്റുപുഴ സ്വദേശിയായ രണ്ടാം ക്ലാസ്സുകാരനും വാർത്തയിൽ ഇടംപിടിച്ചിരിക്കുകയാണ്.
ഫിഫാ വേൾഡ് കപ്പ് യൂത്ത് പ്രോഗ്രാമിന്റെ ഭാഗമായ്, ലോകകപ്പ് ഒന്നാം റൗണ്ടിലെ ഡെന്മാർക്ക് – ടുണീഷ്യ മത്സരത്തിൽ ഡെന്മാർക്ക് നാഷനൽ ടീമിലും,മാഞ്ചസ്റ്റർ യൂണൈറ്റഡിലും ബൂട്ട് അണിയുന്ന ക്രിസ്റ്റൻ എറിക്‌സൺന്റെ കൂടെ ചേർന്ന് നിന്നു കൊണ്ട് ഡെൻമാർക്ക് ദേശീയ ഗാനം കേൾക്കാൻ റോജർ ജോർജ്ജിന് അവസരം ലഭിച്ചത്. എറിക്‌സൺ റോജറിന്റെ ഫേവറിറ്റ് താരം കൂടിയാണ്… ഡെന്മാർക്കിന്റെ കാസ്പർ ഡോൾബർഗിന് വേണ്ടിയാണ് പി.എസ്.ജി ഖത്തർ അക്കാദമിയിൽ നിന്ന് പരിശീലനം നേടുന്ന റോജർ പ്ലെയർ എസ്‌കോർട്ട് ആയത്.
ഖത്തറിൽ നോബിൾ ഇന്റർനാഷണൽ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ റോജർ, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ കല്ലൂർക്കാടാണ് തടത്തിൽ ലിജോ ജോർജ്ജ് -ജോളി ദമ്പതികളുടെ മകനാണ്. സ്‌പോർട്‌സിനെ വളരെയധികം സ്‌നേഹിക്കുന്ന റോജർ ഫെഡറിന്റെ ആരാധകൻ കൂടിയായ അച്ഛൻ മക്കൾക്ക് പേരിട്ടതും കളി ആരാധനയുടെ ഭാഗമാണ്. ലിജോയുടെ വലിയ സ്വപ്നമാണ് മക്കളെ സ്‌പോർട്‌സ് രംഗത്തേക്ക് കൈപിടിച്ചുയർത്തുക എന്നത്. മാതാവ് ജോളിയും പൂർണ്ണ പിന്തുണയുമായുണ്ട്. ലിജോ ജോർജ്ജ് ഫിഫാ വളണ്ടിയർ കൂടിയാണ്. സാവിയോ ജോർജ് റോജറിന്റെ ഇളയ സഹോദരനാണ്.