Tuesday, January 7, 2025

Top 5 This Week

Related Posts

റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കുന്ന ഗോത്രനൃത്തം തീർച്ചയായും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും

ഗിരീഷ് ആനന്ദ്

1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായ ശേഷം, ബ്രിട്ടീഷുകാരുടെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ പിൻവലിച്ച് 1950 ജനുവരി 26 ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ പുതുക്കുന്ന ഇന്നത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ വ്യത്യസ്തമായ നിറപ്പകിട്ടുമായാണ് കേരളം ‘ സംസ്ഥാന സാന്നിധ്യം ‘ അറിയിക്കുന്നത്.
രാജ്യ തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കുന്ന ഗോത്രനൃത്തം തീർച്ചയായും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും.

ഗോത്രനൃത്ത ചുവടുകളുമായി റിപ്പബ്ലിക് ദിന പരേഡ്

നാരീശക്തിയും , സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും കേന്ദ്ര പ്രമേയമാക്കിയാണ് സംസ്ഥാനം ടാബ്ലോ ഒരുക്കുന്നത്. കേരളത്തിലെ ഗോത്ര വിഭാഗ നൃത്തങ്ങളിൽ ഇരുള വിഭാഗത്തിന്റെ നൃത്തത്തെ വ്യത്യസ്തമാക്കുന്നത് ചടുലമായ ചുവടുകളും താളവുമാണ്. കൃഷി ആരംഭിക്കുമ്പോഴും വിളവെടുക്കുമ്പോഴും , ഉത്സവ വേളകളിലും അതരിപ്പിക്കുന്ന നൃത്ത ചുവടുകൾ വ്യത്യസ്തമായ രീതിയിലാണ് ഇവിടെ കോർത്തിണക്കിയിരിക്കുന്നത്. തനത് വേഷവിധാനത്തിലാണ് നൃത്താവതരണം. ബേപ്പൂർ റാണി എന്ന് പേരിട്ട് ഉരു മാതൃകയിൽ തയ്യാറാക്കിയ ടാബ്ലോയുടെ ഇരുവശത്തുമായാണ് നൃത്തം അവതരിപ്പിക്കുക.
ടാബ്ലോയിൽ ഗോത്രനൃത്തത്തിനൊപ്പം ശിങ്കാരിമേളവും കളരി പയറ്റും അവതരിപ്പിക്കുന്നുമുണ്ട്. അട്ടപ്പാടിയിലെ ഗോത്രകലാ മണ്ഡലത്തിലെ ആദിവാസി ഇരുള വിഭാഗത്തിലെ കലാകാരികളാണ് നൃത്തം അവതരിപ്പിക്കുന്നത്. പ്രാദേശിക വനിതകളുടെ കൂട്ടായ്മയോടെയുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങൾ സമൂഹ വികസനത്തിന് എങ്ങിനെ നേട്ടമാകുന്നു എന്നതാണ് ഈ കലാപരിപാടിയിലൂടെ വ്യക്തമാക്കുന്നത്.

നഞ്ചിയമ്മ

96-ാം വയസ്സിൽ നാലാം ക്ലാസ്സ് തുല്യതാ പരീക്ഷ ജയിച്ച് 2020 ലെ നാരീശക്തി പുരസ്‌ക്കാര ജേതാവായ കാർത്ത്യായനി അമ്മയെ ട്രാക്ടർ ഭാഗത്തും, മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ആദ്യത്തെ ആദിവാസി വിഭാഗം വനിതയായ നഞ്ചിയമ്മയെ ട്രെയ്‌ലർ ഭാഗത്തും അവതരിപ്പിച്ചാണ് ടാബ്ലോയിൽ സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യം പ്രതീകവത്കരിക്കുന്നത്.
നൃത്തത്തിൽ ഉപയോഗിക്കുന്ന നാടൻ പാട്ടിന്റെ ആലാപനം നിർവ്വഹിച്ചിരിക്കുന്നതും നഞ്ചിയമ്മയാണ്.
അട്ടപ്പാടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗോത്രകലാ മണ്ഡലത്തിൽ നിന്നുള്ള എട്ടു കലാകാരികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ടാബ്ലോയ്ക്ക് രൂപം കൊടുത്തിരിയ്ക്കുന്നത്. ഇരുള നൃത്തത്തിന്റെ വശ്യമായ ചുവടുകളും താളവും മനോഹരമായി കോർത്തിണക്കിയാണ് ചലച്ചിത്രനടൻ കൂടിയായ പഴനി സ്വാമി കോറിയോഗ്രഫി നിർവ്വഹിച്ചിരിക്കുന്നത്.

പഴനി സ്വാമി

പഴനി സ്വാമിയുടെ കലാരംഗത്തേക്കുള്ള പ്രവേശം, സാംസ്‌ക്കാരികവും സാമൂഹ്യവുമായി അന്യവൽക്കരിക്കപ്പെട്ട ഗോത്രസമൂഹത്തിൽ സംഭവിച്ച ഒരു വിപ്ലവം തന്നെയാണെന്ന് പറയാം.
ഒട്ടേറെ കഷ്ടപ്പാടുകൾക്കും ജീവിത വെല്ലുവിളികൾക്കുമിടയിലും ആദിവാസികളുടെ കലകൾ പരിപോഷിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വർഷങ്ങൾക്കു മുമ്പ് പഴനി സ്വാമിയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ, ആസാദ് എന്ന പേരിൽ ഒരു കലാസംഘം സ്ഥാപിക്കപ്പെട്ടു. ഊരുകളിൽ നിന്ന് കലാഭിരുചിയുള്ള നിരവധി ചെറുപ്പക്കാർ അതിൽ അണിചേരുകയും, കേരളത്തിന് അകത്തും പുറത്തുമായി ധാരാളം സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്തു.
പഴനി സ്വാമിയുടെ കലാ പ്രവർത്തനത്തെ മുന്നിറുത്തി 2015 ൽ സംസ്ഥാന സർക്കാർ ഫോക് ലോർ അവാർഡ് നൽകി ആദരിക്കുകയുമുണ്ടായി.
പഴശ്ശിരാജ , പൂമ്പാറ്റകളുടെ താഴ്വാരം, അയ്യപ്പനും കോശിയും , സല്യൂട്ട് തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പഴനി സ്വാമി, 2004 ൽ ആരംഭിച്ച ആസാദ് കലാസമിതിയിലെ ഗോത്ര ഗായികയായിരുന്നു ഇന്നിപ്പോൾ രാജ്യം ആദരിക്കുന്ന നഞ്ചിയമ്മ. അടുത്ത കാലത്താണ് ഈ കലാസമിതി ഗോത്രകലാ മണ്ഡലം എന്ന് പേരു മാറ്റിയത്.

രാജ്യ തലസ്ഥാനത്തുവെച്ച് , അതും റിപ്പബ്ലിക് ദിനാഘോഷ വേളയിൽ അട്ടപ്പാടിയുടെ സാംസ്‌ക്കാരിക തനിമ പ്രകടമാക്കുന്ന ഗോത്രനൃത്തം ലോകമെങ്ങും പരിചയപ്പെടുത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ഈ കലാ സംഘം.

ഗിരീഷ് ആനന്ദ്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles