ന്യൂഡൽഹി: ലണ്ടനിലേക്കു പോകുന്നതിനു മുംബൈ വിമാനത്താവളത്തിലെത്തിയ പ്രമുഖ മാധ്യമപ്രവർത്തക റാണാ അയൂബിനെ അധികൃതർ തടഞ്ഞു. ചൊവ്വാഴ്ച ലണ്ടനിലേക്ക് പോകാനായി എത്തിയപ്പോഴാണ് അധികൃതർ തടഞ്ഞത്.
അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലിൽ മുഖ്യപ്രഭാഷണം നടത്താനായി പോകുകയായിരുന്നു റാണ അയൂബ്. താൻ പോകുകയാണെന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആഴ്ചകൾക്ക് മുൻപുതന്നെ പങ്കുവെച്ചിരുന്നു. എന്നാൽ എയർപോർട്ടിൽ എത്തിയതിനുശേഷം മാത്രമാണ് ഇഡി അധികൃതർ തൻറെ യാത്രയെക്കുറിച്ച് ചോദിച്ചറിയാൻ ശ്രമിച്ചതെന്നു റാണ കുറ്റപ്പെടുത്തി. ഇഡി അന്വേഷിക്കുന്ന സാമ്പത്തിക കുറ്റാരോപണത്തിൻറെ പേരിലാണ് റാണ അയൂബിനെ തടഞ്ഞതെന്നാണ് റിപ്പോർട്ട്.
വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇൻറർനാഷഷണൽ സെൻറർ ഫോർ ജേണലിസ്റ്റ്’ ആണ് ലണ്ടനിലേക്ക് റാണയെ ക്ഷണിച്ചിരുന്നത്. പരിപാടിയിൽ സ്ത്രീകൾ നേരിടുന്ന ഓൺലൈൻ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാനായിരുന്നു ക്ഷണം.