സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിലെ ചില പ്രധാന കാര്യങ്ങൾ ചൂണ്ടികാണിച്ചുകൊണ്ട് ഡോ.ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നമ്മുടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്ന ‘ദി വയർ’ ചാനലിൽ മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലെ അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തലുകൾ ചുരുക്കത്തിൽ ഇവയാണ്:
- സിആർപിഎഫ് തങ്ങളുടെ ഉദ്യോഗസ്ഥരെ എയർ ലിഫ്റ്റ് ചെയ്യാൻ വിമാനം ആവശ്യപ്പെട്ടു; ഇത് ആഭ്യന്തര മന്ത്രാലയം നിരസിച്ചു.
- തിരഞ്ഞെടുത്ത പാത സുരക്ഷിതമാക്കിയിട്ടില്ല. വാഹനവ്യൂഹത്തെ ആക്രമിക്കാൻ സാധ്യതയുള്ള 8-10 ലിങ്ക് റോഡുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.
- പാക്കിസ്ഥാനിൽ നിന്നുള്ള 300 കിലോഗ്രാം ആർഡിഎക്സ് വഹിച്ച കാർ ജമ്മു കശ്മീറിലേക്ക് പ്രവേശിക്കുകയും പത്ത് ദിവസങ്ങളോളം തടസ്സമില്ലാതെ കറങ്ങുകയും ചെയ്തു. കഴിവില്ലായ്മയോ അശ്രദ്ധയോ?
- രഹസ്യാന്വേഷണ, സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഗവർണ്ണർ മാലിക് പ്രധാനമന്ത്രിയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോടും പറഞ്ഞു, അവർ അദ്ദേഹത്തോട് അതിനെക്കുറിച്ച് പരസ്യമായി സംസാരിക്കരുതെന്ന് നിർദ്ദേശം നൽകി.
- ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് ഭരണഘടനാപരമായി ജമ്മു കശ്മീർ ഗവൺമെന്റിന്റെ അനുമതി നൽകേണ്ടിയിരുന്നത് ഗവർണറായിരുന്നെങ്കിലും അദ്ദേഹത്തെ വിവരം അറിയിച്ചത് അവസാന നിമിഷം മാത്രമായിരുന്നു.
- ജമ്മു കശ്മീരിനെ ഒരു സംസ്ഥാനത്തിൽ നിന്ന് കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയത് കശ്മീരി അഭിമാനത്തെ വ്രണപ്പെടുത്തുന്ന അനാവശ്യമായ അപമാനമാണെന്ന് ഗവർണ്ണർ മാലിക്കിന് തോന്നി.
ഇതെല്ലാം നമ്മുടെ രാഷ്ട്രത്തിന് ആശങ്കയുണ്ടാക്കേണ്ട രാജ്യസുരക്ഷയുടെ വിഷയങ്ങളാണ്. എന്ത് കൊണ്ട് മുഖ്യധാരാ മാധ്യമങ്ങൾ ഇത് പോലൊരു ഗുരുതരമായ വിഷയം റിപ്പോർട്ട് ചെയ്തില്ല?
പ്രധാനമന്ത്രിയുടെ ഇക്കാര്യത്തിലുള്ള അജ്ഞതയെക്കുറിച്ചും അഴിമതിയോടുള്ള അഡ്ജസ്‌റ്‌മെന്റിനെക്കുറിച്ചും ഗവർണർ മാലിക്കിന്റെ സ്ഥിരീകരിക്കാത്ത പ്രസ്താവനകൾ ഞാൻ ഒഴിവാക്കുന്നു, കാരണം, അവ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായി തള്ളിക്കളയാം.
എന്നാൽ ജമ്മു കശ്മീരിലെ ഇന്ത്യൻ സർക്കാരിന്റെ അധികാരം വിനിയോഗിക്കുക എന്ന ഉത്തരവാദിത്തമുള്ള ഗവർണർ, ഒരു ദേശീയ ദുരന്തത്തിന് തന്റെ മേലധികാരികളെ കുറ്റപ്പെടുത്തുമ്പോൾ, അത് റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് ഒന്നുകിൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ മനഃപൂർവം കടമ മറക്കുകയോ അല്ലെങ്കിൽ നിയമവിധേയമല്ലാത്ത സെൻസർഷിപ്പിന്റെ തെളിവോ ആണ്.
മാധ്യമങ്ങളെ ഈ വിധത്തിൽ കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിയുമെങ്കിൽ, സ്വതന്ത്ര മാധ്യമങ്ങളുള്ള ജനാധിപത്യമാണ് നമ്മൾ എന്ന് അവകാശപ്പെടുന്നത് അവസാനിപ്പിക്കണം. ഈ ദുരന്തത്തിന്റെ പിന്നാമ്പുറ സംഭവ കഥകൾ അടിച്ചമർത്തുന്നത് ദേശീയ സുരക്ഷാ താൽപ്പര്യമല്ല, ഭരണകക്ഷിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രമാണ്. പരാജയം സത്യസന്ധമായി അംഗീകരിക്കുന്നതിനും തിരുത്തൽ നടപടിക്കും വേണ്ടി മാധ്യമങ്ങൾ ഇന്ത്യൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.
രക്തസാക്ഷികളായ 40 ജവാന്മാർ മടങ്ങിവരില്ല, പക്ഷേ അവരുടെ കുടുംബവും നമ്മുടെ രാജ്യവും സത്യം അറിയേണ്ടതുണ്ട്. -