Friday, November 1, 2024

Top 5 This Week

Related Posts

യുഡിഎഫ് വിജയിച്ചാൽ കെ.റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകുമോയെന്ന് കെ.സുധാകരൻ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെ.റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.

അത്തരം ഒരു വെല്ലുവിളിയേറ്റെടുക്കാൻ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടോ.തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.റെയിൽ സർവ്വെ കല്ലിടൽ നിർത്താനുള്ള തീരുമാനം സർക്കാർ എടുത്തതെങ്കിൽ അത് വെറും രാഷ്ട്രീയ പാപ്പരത്തമാണ്. കല്ലിടൽ നിർത്തിയത് കോൺഗ്രസും യുഡിഎഫും നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഒന്നാംഘട്ട വിജയമാണ്.കെ.റെയിൽ കല്ലിടൽ പ്രതിഷേധങ്ങളുടെ പേരിൽ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കാനും പൊതുജനങ്ങളിൽ നിന്നും ഈടാക്കിയ പിഴ തിരികെ നൽകാനും സർക്കാർ തയ്യാറാകണം. എത്ര തുകയാണ് നാളിതുവരെ കല്ലിടാൻ ഖജനാവിൽ നിന്ന് ചെലവാക്കിയതെന്ന് വെളിപ്പെടുത്തുകയും അത് ബന്ധപ്പെട്ടവരിൽ നിന്ന് തിരിച്ച് പിടിക്കാനുള്ള നടപടികൾ ആരംഭിക്കുകയും വേണം.

ജിപിഎസ് വഴി സാമൂഹികആഘാത പഠനം നടത്തണമെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞതാണ്. എന്നാലത് ഉൾക്കൊള്ളാൻ മുഖ്യമന്ത്രിയും സർക്കാരും തയ്യാറായില്ല. സർക്കാർ സർവ്വെ കല്ലിടൽ നിർത്തിയതിന് പിന്നിൽ തെറ്റുതിരുത്താനുള്ള ബുദ്ധിയാണെങ്കിൽ അതിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. അതല്ല തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെ കല്ലിടലിന് എടുത്ത ഇടവേളയാണെങ്കിൽ അത് കേരള ജനതയെ വഞ്ചിക്കുന്നതിന് തുല്യമാണ്. കോൺഗ്രസ് മുന്നിൽ നിന്ന് നയിച്ച പ്രതിഷേധമാണ് ഇപ്പോൾ വിജയം കണ്ടത്. കേരളത്തിന്റെ പരിച്ഛേദം സമരമുഖത്തുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും കോൺഗ്രസ് പ്രതിഷേധത്തിൽ അണിനിരന്നു. കല്ലിട്ടാൽ പിഴുതെറിയുമെന്ന കോൺഗ്രസ് പ്രഖ്യാപനം പൊതുജനം ഏറ്റെടുത്തു. എന്നിട്ടും പ്രതികാരമനോഭാവത്തോടെ ജനങ്ങളെ വെല്ലുവിളിച്ചാണ് സർക്കാർ കല്ലിടലുമായി മുന്നോട്ട് പോയത്. ഈ വെല്ലുവിളി ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്നും സുധാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles