ഇടുക്കി മെഡിക്കല്‍ കോളേജിന്റെ ആശുപത്രി വികസന സമിതി യോഗം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് യോഗത്തിന് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു.
ആശുപത്രിയില്‍ പുതിയ കാന്റീന് ടെന്‍ഡര്‍ വിളിക്കാനും മുകളിലെ പുതിയ ബ്ലോക്കില്‍ കഫെറ്റീരിയ സജ്ജമാക്കാനും യോഗത്തില്‍ തീരുമാനമായി. ജീവനക്കാരുടെ ലഭ്യതകുറവ് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണോയെന്ന് പൊതുജനങ്ങള്‍ക്ക് അറിയുവാന്‍ സ്ഥിരം അന്വേഷണ സംവിധാനം സജ്ജമാക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാങ്കേതികമായി കുറ്റമറ്റരീതിയില്‍ സമയബന്ധിതമായി പുരോഗമിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായം ലഭ്യമാക്കും.
ആഴ്ചയില്‍ ഒന്ന് വീതം എക്സിക്യൂട്ടീവ് യോഗം ആശുപത്രിയില്‍ ചേരും. അടുത്ത ജനറല്‍ ബോഡി യോഗം മാര്‍ച്ച് ഒന്നിന് ചേരും. യോഗത്തില്‍ എച്ച്.ഡി.സി അംഗങ്ങളായ സി. വി വര്‍ഗീസ്, ഷിജോ തടത്തില്‍, ഡെപ്യൂട്ടി ഡിഎംഒ സുഷമ പി.കെ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഡി. മീന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, നിര്‍മിതി കേന്ദ്ര പ്രൊജക്ട് ഡയറക്ടര്‍ ബിജു, കിറ്റ്കോ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു