മൂവാറ്റുപുഴ:– ലോക ബാംബൂ ദിനത്തോട് അനുബന്ധിച്ച് പുഴത്തീരത്ത് 14 ലേറെ വ്യത്യസ്തയിനം മുളകൾ നട്ട് മുള ദിന ആചരണം. പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയാറിന്റെ സംരക്ഷണം ലക്ഷ്യമാക്കി രൂപീകരിച്ച ത്രിവേണി സംഗമം പ്രവർത്തകരും പെഴക്കാപ്പിള്ളി ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർഥികളും ചേർന്നാണ് മുളകൾ നട്ട് നദീ സംരക്ഷണത്തിന് പുതിയ തുടക്കം കുറിച്ചത്.
ജല ശുചീകരണത്തിന്റെ സ്വാഭാവിക മാർഗ്ഗം എന്ന നിലയിൽ മൂവാറ്റുപുഴയാറിന്റെ അതിജീവനത്തിന് മുളങ്കാടുകൾ അനിവാര്യമാണ് എന്ന സന്ദേശം ഉയർത്തിയായിരുന്നു പരിപാടി. ബുദ്ധ ബാംബു, പെൻസിൽ ബാംബു ( മൾട്ടി ബാംബൂ) എന്നീ ഇനം തൈകളും തഴയും (കൈത), രാമച്ച തൈകളുമാണ് ചന്തക്കടവിൽ നട്ടത്.
കുട്ടികളും സംഘാടകരും വള്ളത്തിൽ സഞ്ചരിച്ചാണ് പുഴയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തയിനം മുളകൾ നട്ടത്. ഗ്രീൻ പീപ്പിൾ കോഡിനേറ്റർമാരായ ബിനോയി ഏലിയാസ്,
ഡോക്ടർ രവീന്ദ്രനാഥ് കമ്മത്ത് ടി എം ഹാരിസ്, രാജീവ് നായർ, പി എ സുബൈർ, ജോൺ മാത്യു, ജേക്കബ് ജോർജ്ജ്, ജോൺ ഏലിയാസ്, ബേബി, സമീർ പാറപ്പാട്ട്, ബിനീഷ് കുമാർ, അസീസ് കുന്നപ്പിള്ളി പെഴക്കാപ്പിള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് ഓഫീസർ ഡോക്ടർ ഷാജി പോൾ, അധ്യാപിക മുംതാസ് വി.എം, എൻഎസ്എസ് വോളണ്ടിയേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി.