മൂവാറ്റുപുഴ : ഏറെ കൗതുകവും പ്രൗഡിയും ഒത്തുചേർന്ന പോലീസ് എയ്ഡ് പോസ്റ്റ് ( പൊലീസ് കിയോസ്‌ക്) കച്ചേരിത്താഴത്ത്് പ്രവർത്തനം ആരംഭിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിൽ ലയൺസ് ക്ലബ്ബുകളുടെയും, മണപ്പുറം ഫൗണ്ടേഷന്റെയും സഹായത്തോടെ നിർമിച്ച എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐപിഎസ് നിർവഹിച്ചു.
മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി. പി എൽദോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഡ്സ്ട്രിക്ട് ഗവർണർ വി.സി. ജെയിംസ് മണപ്പൂറ ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ് ഡി ദാസ്, മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോയി മത്തായി, ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി വി. എസ് ജയേഷ്, മൂവാറ്റുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസ്, മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ രാജശ്രി രാജു, പി.എം. അബ്ദുൽ സലാം, മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, മൂവാറ്റുപുഴ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജോസ് വി. കാക്കനാട്ട്, ലയൺസ് ഗ്ലോബൽ വില്ലേജ് ക്ലബ്ബ് പ്രസിഡന്റ് യു. റോയി തുടങ്ങിയവർ സംബന്ധിച്ചു.
മൂന്നു പതിറ്റാണ്ടായി പ്രവർത്തിച്ചിരുന്ന എയ്ഡ് പോസ്റ്റ്്് പൊളിച്ച്്് സമീപത്തുതന്നെയാണ് ആധുനിക രീതിയിൽ പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇരുനിലയുള്ള കെട്ടിടത്തിന്റെ മേൽക്കൂര പോലീസ് തൊപ്പിയുടെ മാതൃകയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത്്് ഇത് കൗതുകക്കാഴ്ചയും ഒരുക്കുന്നതാണ്.