കോഴിക്കോട് ; ബുധനാഴ്ച അന്തരിച്ച കേരളത്തിന്റെ പ്രിയപ്പെട്ട നടൻ മാമുക്കോയയുടെ മൃതദേഹം കബറക്കി. കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. ഇന്നലെ മരണവാർത്ത അറിഞ്ഞതുമുതൽ മാമുക്കയെ അവസാനമായി ഒരു നോക്കു കാണാൻ മൃതദേഹം പൊതു ദർശനത്തിനുവച്ച് കോഴിക്കോട് ടൗൺഹാളിലും വീട്ടിലും ഒടുവിൽ കബറടക്കംവരെ കണ്ണംപറമ്പ് പള്ളിയിലും ആയിരങ്ങളാണ് എത്തിയത്. അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് നിസാർ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകി. മത, സംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ മയ്യത്ത് നമസ്‌കാരത്തിൽ പങ്കെടുത്തു.
രാവിലെ 9.30വരെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, നടന്മാരായ ജോജു ജോർജ്, ഇർഷാദ്, കോൺഗ്രസ് നേതാവും നിർമാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് എന്നിവരും അന്തിമോപചാരം അർപ്പിച്ചു.
താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 1.05നായിരുന്നു മാമുക്കോയ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിര്യാതനായത്. മലപ്പുറം കാളികാവിൽ ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനച്ചടങ്ങിൽ വെച്ചാണ് തിങ്കളാഴ്ച ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.
നാലു പതിറ്റാണ്ട് മലയാള സിനിമയിൽ ഹാസ്യ- സ്വാഭാവിക നടനായി നിറഞ്ഞുനിന്ന മാമുക്കോയുടെ മരണം ലോകമെങ്ങുമുള്ള മലയാളികളിൽ കനത്ത ദുഖമാണ് സൃഷ്ടിച്ചത്.സാമൂഹ്യ പ്രശ്‌നങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കുകയും അവ തുറന്നു പറയുകയും ചെയ്ത നടനാണ് മാമുക്കോയ. സാമൂഹ്യമാധ്യമങ്ങളിൽ അടക്കം മരണത്തിൽ ദുഖം പങ്കുവച്ചുകൊണ്ട് വന്ന പ്രതികരണത്തിൽ ഇത് പ്രകടമായിരുന്നു. തലമുറ വ്യത്യാസമില്ലാതെ കലാആസ്വാദകരെ ചിരിപ്പിച്ച, മലയാളികൾക്കു മറക്കാനാവാത്ത അനേകം കഥാപാത്രങ്ങളെ സമ്മാനിച്ച തുല്യതയില്ലാത്ത നടനാണ് ഓർമായായത്.