മൂവാറ്റുപുഴ: മാത്യൂ കുഴൽനാടൻ എം.എൽ.എ കഴിഞ്ഞദിവസം മൂവാറ്റുപുഴയിൽ നടത്തിയ മഹാപഞ്ചായത്ത് തട്ടിപ്പാണന്ന് സി.പി ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ ആരോപിച്ചു. സർക്കാരിന്റെ ഒന്നാം വാർഷീകത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നും ഒരു പദ്ധതി പോലും ഉദ്ഘാടനം ചെയ്യാൻ കഴിയാതെ നിസഹായവസ്ഥയിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനായി തട്ടികൂട്ടയതാണ് മഹാപഞ്ചായത്ത.സർക്കാർ സംവിധാനങ്ങൾ മുഴുവനും ഉപയോഗപ്പെടുത്തി ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുമെന്ന് പ്രചരിപ്പിച്ച് ആളുകളെ വിഡ്ഡികളാക്കുക്കുകയായിരുന്നു.
ജില്ലാകളക്ടർ, ആർ.ഡി.ഒ, തഹസീൽദാർ, വില്ലേജ്ഓഫീസർമാർ, താലൂക്ക് സപ്ലൈഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ആരും സർക്കാർ പരിപാടി അല്ലാത്തതിനാൽ മഹാപഞ്ചായത്തിൽ പങ്കെടുത്തിരുന്നില്ല.
ഗവ. അംഗീകൃത തീരുമാനപ്രകാരമുള്ള അദാലത്തുകളിൽ മാത്രമാണ് പരാതികൾക്ക് തീർപ്പു കൽപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് സാധിക്കുകയുള്ളുവെന്നും സിപിഐ പ്രസ്താവനയിൽ പറയുന്നു. എൽദോ എബ്രഹാം എം.എൽ.എ ആയിരുന്ന കാലത്ത് മൂവാറ്റുപുഴയ്ക്ക് അനുവദിച്ച പദ്ധതികളായ മൂവാറ്റുപുഴ ഇൻഡോർ സ്റ്റേഡിയവും, ആലുവയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പോലീസ് സൂപ്രണ്ട് ആഫീസും മൂവാറ്റുപുഴയ്ക്ക് അനുവദിച്ചതാണ്. ഇവ രണ്ടും ഇപ്പോൾ മൂവാറ്റുപുഴയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. മുൻ എം.എൽ.എ യുടെ കാലത്ത് റോഡ് അറ്റകുറ്റപണികൾക്കായി അനുവദിച്ചിരുന്ന തുക പുതിയ എം.എൽ.എ വന്നപ്പോൾ കത്ത് കൊടുക്കുന്നതിന് താമസിച്ചതിന്റെ അടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് തുകയാണ് മണ്ഡലത്തിൽ നഷ്ടപെട്ടിട്ടുള്ളത്.
ആയവന-രണ്ടാർ റോഡിനനുവദിച്ച തുകകൊണ്ട് റോഡ് പണി പൂർത്തീകരിച്ചപ്പോഴും പാലത്തിന്റെ നിർമ്മാണം നടക്കാതെ കിടക്കുകയാണ്. റോഡിനും പുതിയ പാലം നിർമ്മാണത്തിനും കൂടിയാണ് മുൻ എം.എൽ.എ യുടെ കാലത്ത് തുക അനുവദിച്ചത്. പാലത്തിന്റെ നിർമ്മാണം നടത്താതെ കോൺട്രാക്ടർ ജോലി ഉപേക്ഷിച്ച മട്ടാണ്. എം.എൽ.എ യുടെ അടിയന്തിര ഇടപെടൽ ആവശ്യമായിട്ടും അദ്ദേഹം അറിഞ്ഞ ഭാവം നടിക്കുന്നില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് തുക അനുവദിച്ച് ടെണ്ടർ നടപടി പൂർത്തീകരിച്ച കോട്ട റോഡും, കക്കടാശ്ശേരി-കാളിയാർ റോഡും, നിർമ്മാണം നടന്നുവരികയാണ്. അക്ഷയസെന്റർ വഴി ഓൺലൈൻ ആയി മാത്രം സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള അപേക്ഷ 300 എണ്ണം തീർപ്പാക്കി എന്നു പറഞ്ഞ് അപേക്ഷ വാങ്ങി ആളുകളെ പറ്റിച്ചു. ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള അപേക്ഷകൾ, വില്ലേജ് ഓഫീസർ, തഹസീൽദാർ, കളക്ടർ, റവന്യൂമന്ത്രി എന്നിവർ കണ്ട് ഫയൽ മുഖ്യമന്ത്രിക്ക് പോകണം അതാണ് നിയമം എന്നിരിക്കെ, എങ്ങിനെയാണ് ദുരിതാശ്വാസനിധിയുടെ അപേക്ഷകൾ തീർപ്പാക്കിയതെന്ന് അപേക്ഷ നൽകിയ ആളുകളോട് പറയേണ്ട ബാദ്ധ്യത എം.എൽ.എ ക്ക്ുണ്ട്. മൂവാറ്റുപുഴ ടൗൺ വികസനവും മുറിക്കല്ല് പാലത്തിന്റെ അപ്രോച്ച് റോഡും നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനും റോഡ് നിർമ്മിക്കുന്നതിനും ഉള്ള തുക മുൻ എം.എൽ.എ യുടെ കാലത്ത് പാസാക്കിയിട്ടുള്ളതാണ്. എം.എൽ.എ ആയി ഒരു വർഷം കഴിഞ്ഞിട്ടും ഈ റോഡുകളുടെ നിർമ്മാണ കാര്യത്തിൽ് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മണ്ഡലത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിയ്ക്കുന്നതും പൂർത്തീകരിച്ചതുമായ വർക്കുകൾ എല്ലാം തന്റേതാക്കിമാറ്റാനുള്ള തന്ത്രപ്പാടിലാണ് എം.എൽ.എ പ്രവർത്തിക്കുന്നതെന്ന് ജോളി പൊട്ടയ്ക്കൽ ആരോപിച്ചു.