വലതുപക്ഷ നേതാവാവും മുന്‍ പ്രസിഡന്റുമായ ജെയര്‍ ബോള്‍സനാരോയുടെ അനുയായികളാണ് ബ്രസീലിന് കലാപം അഴിച്ച് വിട്ടത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നെന്നും സൈന്യം ഭരണം ഏറ്റെടുക്കണമെന്നുമാണ് ആക്രമികളുടെ പ്രധാന ആവശ്യം.പാര്‍ലമെന്റും സുപ്രീം കോടതിയും ആക്രമിച്ച ബോള്‍സനാരോ അനുകൂലികള്‍ പ്രസിഡന്റ് ലുല ഡസില്‍വയുടെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു.
ബോള്‍സനാരോയെ തോല്‍പ്പിച്ച് ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ ലുല ഡിസില്‍വ ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്. 2018 ല്‍ ബോള്‍സനാരോ പ്രസിഡന്റായതുമുതല്‍ ബ്രസീലിന്റെ രാഷ്ട്രീയചിത്രം തലമേല്‍ മറിയുകയായിരുന്നു. സ്ത്രീകള്‍, സ്വവര്‍ഗ്ഗാനുരാഗികള്‍, വിദേശികള്‍, തദ്ദേശീയ സമൂഹങ്ങള്‍, കറുത്തവംശജര്‍ എന്നിവയ്‌ക്കെതിരെയുള്ള ബോള്‍സനാരോയുടെ അതിരുകടന്ന വിമര്‍ശനങ്ങള്‍ ബ്രസീല്‍ ജനങ്ങളെ ഭിന്നചേരികളിലാക്കി. ”നമുക്ക് ഏകാധിപത്യമാണ് നല്ലത് ” ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി ഒരിക്കല്‍ ബോള്‍സനാരോ പറഞ്ഞു.
1964-1985 ലെ സൈനിക ഭരണകൂടത്തെക്കുറിച്ച് ഗൃഹാതുരമായി സംസാരിക്കുകയും തന്റെ സര്‍ക്കാരില്‍ പട്ടാള ഉദ്ദ്യോഗസ്ഥര്‍ക്ക് മതിയായ പ്രാതിനിധ്യം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു ബോള്‍സനാരോ. കലാപ നീക്കങ്ങളെ തള്ളിപ്പറഞ്ഞെങ്കിലും ബോള്‍സനാരോയുടെ മുന്‍കാല പ്രസ്താവനകള്‍ ഇപ്പോഴത്തെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല. ബോള്‍സനാരോയുടെ നിലപാടുകള്‍ക്ക് ഡോണള്‍ഡ് ട്രപിനോട് സാമ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നു.